മാഞ്ചസ്റ്റര്‍: നാല് തവണ ആഫ്രിക്കയിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ഐവറി കോസ്റ്റ് താരം യായ ടുറെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ''14 വര്‍ഷം നീണ്ട കരിയറിന് അന്ത്യമായിരിക്കുന്നു. വിരമിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്നാണ് ഞാന്‍ കരുതുന്നത്. എന്നെ സംബന്ധിച്ച് ഞാന്‍ ജീവിതത്തില്‍ എടുത്ത ഏറ്റവും കടുത്ത തീരുമാനമാണിത്'' വിരമിക്കല്‍ പ്രഖ്യാപിച്ചു കൊണ്ട് യായ ടുറെ വ്യക്തമാക്കി.
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ യായ ടുറെയുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോള വ്യക്തമാക്കിയിരുന്നു. ഈ സീസണില്‍ സിറ്റിക്കായി ഒരു മത്സരത്തില്‍ മാത്രമാണ് ടുറെ കളിച്ചത്.
സിറ്റിയുടെ ചാമ്പ്യന്‍സ് ലീഗ് ടീമില്‍ നിന്ന് ടുറെയെ ഒഴിവാക്കിയ ഗാര്‍ഡിയോളയുടെ തീരുമാനത്തിലൂടെ ഗാര്‍ഡിയോള ടുറെയെ അപമാനിക്കുകയായിരുന്നുവെന്ന് ഐവറി കോസ്റ്റ് താരത്തിന്റെ ഏജന്റ് ദിമിത്രി സെലൂക്ക് തുറന്നടിച്ചിരുന്നു.
തുടര്‍ന്ന് സെലൂക്ക് മാപ്പ് പറയാതെ ടുറയെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ കളിപ്പിക്കില്ലെന്ന കടുത്ത തീരുമാനവുമായി ഗാര്‍ഡിയോളയും രംഗത്തെത്തിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ടുറെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.
സിറ്റിക്കായി 195 മത്സരങ്ങളില്‍ നിന്ന് ടുറെ 57 ഗോളുകള്‍ നേടിയിട്ടുണ്ട്. 2007 മുതല്‍ 2010 വരെ ബാഴ്‌സലോണയില്‍ കളിച്ച ശേഷമാണ് ടുറെ സിറ്റിയിലെത്തുന്നത്. ബാഴ്‌സക്കായി 74 മത്സരങ്ങള്‍ കളിച്ച ടുറെ നാല് ഗോളുകളാണ് നേടിയത്. 2004 മുതല്‍ ദേശീയ ടീമിന് വേണ്ടി കളിക്കുന്ന യായ ടുറെ 102 മത്സരങ്ങളില്‍ നിന്ന് 19 ഗോളുകളാണ് രാജ്യത്തിനായി നേടിയത്.