പാരിസ്: ലോക ഫുട്‌ബോളിലെ പരമോന്നത ബഹുമതിയായ ഫിഫ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം ഇനിയുണ്ടാകില്ല. ഫിഫയും ബാലണ്‍ ദ്യോറിന്റെ ഉടമകളായ ഫ്രാന്‍സ് ഫുട്‌ബോളും തമ്മിലുള്ള കരാര്‍ അവസാനിച്ചതോടെയാണ് ബാലണ്‍ ദ്യോര്‍ പുരസ്‌കാര വിതരണം നിര്‍ത്തലക്കാന്‍ തീരുമാനിച്ചത്.
ഫിഫയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ ജിയാനി ഇന്‍ഫാന്റിനോയും ഫ്രാന്‍സ് ഫുട്‌ബോള്‍ അസോസിയേഷനും തമ്മിലുള്ള അഭിപ്രായ ഭിന്നതകളാണ് കരാര്‍ അവസാനിപ്പിക്കാന്‍ കാരണമായതെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
ഫ്രാന്‍സ് ഫുട്‌ബോളുമായി ജനവരിയില്‍ കരാര്‍ അവസാനിച്ചിരുന്നുവെന്നും കരാര്‍ പുതുക്കാന്‍ താത്പര്യമില്ലാത്ത കാര്യം ആഗസ്തില്‍ ഫ്രാന്‍സ് ഫുട്‌ബോളിനെ അറിയിച്ചിരുന്നുവെന്നും ഫിഫ വ്യക്തമാക്കി. അതേ സമയം മികച്ച പുരുഷ, വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്കുള്ള ലോക ഫുട്‌ബോളര്‍ പുരസ്‌കാരം തുടരുമെന്നും പുരസ്‌കാരം പുതിയ രൂപത്തില്‍ അവതരിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഫിഫ അറിയിച്ചു
യൂറോപ്യന്‍ കപ്പ്(ചാമ്പ്യന്‍സ് ലീഗ്) തുടങ്ങിയ 1956 മുതലാണ് ബാലണ്‍ ദ്യോര്‍ പുരസ്‌കാരം നല്‍കിത്തുടങ്ങിയത്. എന്നാല്‍ തുടക്കത്തില്‍ യൂറോപ്പിലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരമായിരുന്നു ഇത്.
പിന്നീട് 2010ല്‍ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം ഫിഫയുടെ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുസ്‌കാരവുമായി ലയിച്ച് ഫിഫ ബാലണ്‍ ദ്യോര്‍ പുരസ്‌കാരമായി മാറുകയായിരുന്നു. 1991 മുതലാണ് ഫിഫ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നല്‍കാന്‍ തുടങ്ങിയത്.
ഇംഗ്ലീഷ് ഫുട്‌ബോളറായിരുന്ന സ്റ്റാന്‍ലി മാത്യുവാണ് ആദ്യ ഫിഫ ബാലണ്‍ ദ്യോര്‍ പുരസ്‌കാര ജേതാവ്. ബാഴ്‌സലോണയുടെ ലയണല്‍ മെസ്സിയാണ് ഏറ്റവും കൂടുതല്‍ തവണ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം നേടിയ താരം. അഞ്ച് തവണ മെസ്സി ലോക ഫുട്‌ബോളറായപ്പോള്‍ പ്രധാന എതിരാളിയായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊക്ക് മൂന്ന് തവണ പുരസ്‌കാരം ലഭിച്ചു.