മഡ്ഗാവ്: എ.എഫ്.സി.അണ്ടര്‍-16 ഫുട്ബോളില്‍ ഇന്ത്യന്‍ ടീം പൊരുതിത്തോറ്റു. രണ്ടുതവണ ലീഡു നേടിയ ശേഷമാണ് ആതിഥേയര്‍ യു.എ.ഇയോട് 3-2ന് കീഴടങ്ങിയത്. സന്‍ജീവ് സ്റ്റാലിന്‍ (12) ബോറിസ് സിങ് താങ്ങം (36) എന്നിവര്‍ ഇന്ത്യക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ മാനെ അയ്ദ് (33), മജീദ് റാഷിദ് (53), അഹമ്മദ് ഫാസി (75) എന്നിവര്‍ യു.എ.ഇ.യ്ക്കായി ഗോള്‍ കണ്ടെത്തി. 18ന് സൗദി അറേബ്യക്കെതിരെയാണ് അടുത്ത മത്സരം.
കിട്ടിയ അവസരങ്ങള്‍ പാഴാക്കിയില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ കൗമാരപ്പടയ്ക്ക് അനായാസ ജയം കൈവരുമായിരുന്നു. എന്നാല്‍, ഗോള്‍ മുഖത്ത് വിറച്ചുപോയ മുന്നേറ്റ നിരയാണ് തോല്‍വി ചോദിച്ചുവാങ്ങിയത്. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ഒന്നിലധികം അവസരങ്ങളാണ് രണ്ടാം പകുതിയില്‍ ഇന്ത്യന്‍ ടീമിന് ലഭിച്ചത്. തോറ്റെങ്കിലും ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവി ശോഭനമാണെന്ന പ്രതീക്ഷനല്‍കാന്‍ നിക്കോളായ് ആദം പരിശീലിപ്പിക്കുന്ന ടീമിനായി.
ഗോള്‍നേട്ടം ആഘോഷിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍
12-ാം മിനിറ്റില്‍ ഇന്ത്യ മുന്നിലെത്തിയിരുന്നു. ഫ്രീകിക്കില്‍ നിന്നുള്ള പന്തില്‍ മനോഹരമായ ഷോട്ടിലൂടെയാണ് മധ്യനിരക്കാരന്‍ യു.എ.ഇ. വലകുലുക്കിയത്. 33-ാം മിനിറ്റില്‍ യു.എ.ഇയ്ക്ക് സമനിലവരുത്താന്‍ അവസരം ലഭിച്ചു. എതിര്‍ കളിക്കാരനെ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ധീരജ് വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി അനുവദിച്ചു. എന്നാല്‍, കിക്ക് രക്ഷപ്പെടുത്തി ധീരജ് പ്രായശ്ചിത്തം ചെയ്തു.
തൊട്ടടുത്ത മിനിറ്റില്‍ മാനെ അയ്ദിലൂടെ യു.എ.ഇ. സമനിലപിടിച്ചു. കോര്‍ണര്‍കിക്കില്‍നിന്നാണ് ഹെഡറിലൂടെ അയ്ദ് ലക്ഷ്യം കണ്ടത്. ഗോള്‍ വീണശേഷമുള്ള പ്രത്യാക്രമത്തില്‍ ഇന്ത്യന്‍ സംഘം വീണ്ടും ലീഡെടുത്തു. ഇടതുവിങ്ങിലൂടെ കടന്നുകയറിയ അന്‍കീത് നല്‍കിയ സുന്ദരമായ പാസില്‍ ബോറിസാണ് ലക്ഷ്യം കണ്ടത്. ഇടവേളയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ 2-1ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ യു.എ.ഇ. ആക്രമണത്തിന് മൂര്‍ച്ചകൂട്ടി. 53-ാം മിനിറ്റില്‍ മജീദ് റാഷിദിലൂടെ യു.എ.ഇ. സമനിലപിടിച്ചു. വിജയത്തിനായി ഇന്ത്യന്‍ സംഘം പൊരുതിക്കളിക്കുന്നതിനിടെ അപ്രതീക്ഷിതമായി യു.എ.ഇയുടെ വിജയഗോള്‍ വന്നു. പകരക്കാരായി ഇറങ്ങിയ അഹമദ് ഫാസിയാണ് സ്‌കോര്‍ ചെയ്തത്.
തുടര്‍ന്ന് ഇന്ത്യന്‍ നിര ആക്രമണം ശക്തമാക്കി. സന്‍ജീവിന്റെ ഫ്രീകിക്കില്‍നിന്ന് ലഭിച്ച അവസരം ക്ലോസ് റേഞ്ചില്‍ കോമള്‍ തട്ടലും കളിതീരാനിരിക്കെ ഗോളിമാത്രം മുന്നില്‍നില്‍ക്കെ ലഭിച്ച അവസരം അമന്‍ ഛേത്രിയും പാഴാക്കി.
തോറ്റെങ്കിലും സുന്ദരമായ ഫുട്ബോളാണ് ഇന്ത്യന്‍സംഘം കാഴ്ചവെച്ചത്. വിങ്ങുകളിലൂടെ ബോറിസും അന്‍കേതും പടനയിച്ചപ്പോള്‍ നായകന്‍ സുരേഷ്, സന്‍ജീവ് എന്നിവര്‍ മധ്യനിരയില്‍ നന്നായി പൊരുതി.