ഫുട്‌ബോള്‍ ആരാധകര്‍ക്ക് വിരുന്നൊരുക്കി ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തീപാറും പോരാട്ടങ്ങള്‍. 2018 റഷ്യന്‍ ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടില്‍ തെക്കേ അമേരിക്കയില്‍ നിന്ന് അര്‍ജന്റീനയും ബ്രസീലും യൂറോപ്പില്‍ നിന്ന് ഫ്രാന്‍സും പോര്‍ച്ചുഗലും കളത്തിലിറങ്ങും.
വെനസ്വേലയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. കഴിഞ്ഞ മത്സരത്തില്‍ മെസ്സിയുടെ ഗോളില്‍ ഉറുഗ്വായെ തോല്‍പ്പിച്ചിരുന്ന അര്‍ജന്റീന പക്ഷേ ഇത്തവണ മെസ്സിയില്ലാതെയാണ് ഇറങ്ങുക. പരിക്കിന്റെ പിടിയിലായ മെസ്സി കളിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഒളിമ്പിക് ജേതാക്കളായി തിരിച്ചു വരവ് നടത്തിയ ബ്രസീലിന് ശക്തരായ കൊളംബിയയാണ് എതിരാളികള്‍. കഴിഞ്ഞ മത്സരത്തില്‍ ഇക്വഡോറിനെ 3-0ത്തിന് തോല്‍പ്പിച്ച ആത്മവിശ്വാസവും ബ്രസീലിനുണ്ടാകും. ഗ്രൂപ്പില്‍ അഞ്ചാമതുള്ള ബ്രസീലിനേക്കാള്‍ മുന്നിലാണ് കൊളംബിയ.
യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഫ്രാന്‍സ് ബലാറസിനെയാണ് നേരിടുക.യൂറോ കപ്പ് കിരീടം ഒരു ജയമകലെ നഷ്ടപ്പെട്ടു പോയ ഫ്രാന്‍സിന് തിരിച്ചുവരാനുള്ള മത്സരമാണിത്. ഗ്രൂപ്പില്‍ ഹോളണ്ട് വെല്ലുവിളിയുയര്‍ത്തു കൊണ്ട് ഫ്രാന്‍സിന് ഈ മത്സരം നിര്‍ണായകമാണ്.
ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഇല്ലാതെയാകും യൂറോ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ നേരിടുക. കാല്‍മുട്ടിനേറ്റ പരിക്കാണ് ക്രിസ്റ്റ്യാനൊക്ക് വിനയായത്. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തിനുള്ള മത്സരം ഇരുടീമുകളും തമ്മിലായതിനാല്‍ തന്നെ ഈ മത്സരവും കനക്കും.
മത്സര സമയം
വെനസ്വേല-അര്‍ജന്റീന (പുലര്‍ച്ചെ 4.30ന്, സോണി ഇ.എസ്.പി.എന്‍)
ബ്രസീല്‍-കൊളംബിയ(രാവിലെ 6.15ന്, സോണി സിക്‌സ്)
ബെലാറസ്-ഫ്രാന്‍സ് (ഇന്നു രാത്രി 12.15ന്, സോണി ഇ.എസ്.പി.എന്‍)
പോര്‍ച്ചുഗല്‍-സ്വിറ്റ്‌സര്‍ലന്‍ഡ്(ഇന്നു രാത്രി 12.15ന്, സോണി സിക്‌സ്)