നികുതി തട്ടിപ്പ് കേസില്‍ ലയണല്‍ മെസ്സിക്ക് പിന്തുണ പ്രഖ്യാപിച്ച് സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് ബാഴ്‌സിലോണ. #WeAreAllLeoMessi എന്ന ഹാഷ് ടാഗ് ഉപയോഗിച്ചാണ് ലോക വ്യാപകമായി മെസ്സിക്ക് വേണ്ടി ബാഴ്‌സ സോഷ്യല്‍ മീഡിയയിലൂടെ ക്യാമ്പയിന്‍ നടത്തുന്നത്.
ലയണല്‍ മെസ്സി ഒറ്റക്കല്ല. ലോകം ഒട്ടാകെയുള്ള അദ്ദേഹത്തിന്റെ ആരാധകരും ഇതിലൂടെ അദ്ദേഹത്തിനൊപ്പം നില്‍ക്കും. എല്ലാവരെയും ഈ ക്യാമ്പയിനില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നു- ബാഴ്‌സയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
മെസ്സിയെ ആക്രമിക്കുന്നവര്‍ ബാഴ്‌സയെയും ക്ലബിന്റെ ചരിത്രത്തെയുമാണ് ആക്രമിക്കുന്നത്. അവസാനം വരെ അദ്ദേഹത്തിന് വേണ്ടി നില്‍ക്കും- ബാഴ്‌സ പ്രസിഡന്റ് ജോസഫ് മരിയ ബര്‍ട്ടോമു ട്വിറ്ററില്‍ കുറിച്ചു.
നികുതി വെട്ടിച്ച കേസില്‍ മെസ്സിക്കും പിതാവ് ജോര്‍ജ് മെസിക്കും സ്പാനിഷ് കോടതി 21 മാസം തടവാണ് ശിക്ഷ വിധിച്ചിരുന്നു. 46 ലക്ഷം ഡോളറിന്റെ നികുതി വെട്ടിച്ചെന്നാണ് കേസ്. ബെലീസിലും ഉറുഗ്വായിലും നികുതി വെട്ടിക്കാനായി ഇവര്‍ കള്ളപ്പണം നിക്ഷേപിച്ചതായിട്ടാണ് ആരോപണം ഉയര്‍ന്നത്.
തന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് താനല്ല എന്നായിരുന്നു കോടതിയില്‍ മെസ്സിയുടെ ഇക്കാര്യത്തിലുള്ള വിശദീകരണം. പിതാവിനേയും ഉപദേശകരേയും വിശ്വാസമുള്ളതിനാല്‍ രേഖകള്‍ വായിച്ചുനോക്കാതെയാണ് താന്‍ രേഖകളില്‍ ഒപ്പിട്ടതെന്നാണ് മെസ്സി വാദിച്ചത്.
2006-2009 കാലത്ത് വരുമാനക്കണക്ക് കൃത്യമായി കാണിക്കാതെ തെറ്റായ വിവരങ്ങളാണ് റിട്ടേണുകളായി സമര്‍പ്പിച്ചതെന്നാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്.