പാരിസ്: പെലെയും മാറഡോണയും കഴിഞ്ഞാല്‍ ലോകഫുട്‌ബോളിലെ ഏറ്റവും വലിയ സൂപ്പര്‍താരം ആരെന്ന ചോദ്യത്തിന് ലയണല്‍ മെസ്സി എന്നു തന്നെയാണ് ഉത്തരം. എന്നാല്‍, ഈ പറയുന്നത് പോലെ മെസ്സി അത്ര കേമനൊന്നുമല്ലെന്നാണ് പെലെയുടെയും മാറഡോണയുടെയും പക്ഷം. പാരിസില്‍ നടന്ന ഒരു പ്രൊമോഷണല്‍ ചടങ്ങിനിടെ നടത്തിയ സ്വകാര്യ സംഭാഷണത്തിലാണ് മെസ്സിക്കെതിരായ ഇവരുടെ വിമര്‍ശം പുറത്തുവന്നത്. ചടങ്ങിന് തൊട്ടു മുന്‍പ് ഇരുവരും നടത്തിയ സംഭാഷണം മൈക്രോഫോണ്‍ വഴിയാണ് പുറത്തായത്.
മെസ്സി നല്ലൊരു വ്യക്തിയാണെങ്കിലും നേതൃഗുണമില്ലെന്നായിരുന്നു ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ മെസ്സി നയിച്ച അര്‍ജന്റീനയെ പരിശീലിപ്പിച്ച മാറഡോണയുടെ വിമര്‍ശം. മെസ്സിയെ വ്യക്തിപരമായി അടുത്തറിയുമോ എന്ന പെലെയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മാറഡോണ. ശരിയാണ്. നമ്മുടെയൊന്നും കാലത്തെപ്പോലെയല്ല ഇപ്പോള്‍ കാര്യങ്ങള്‍. എഴുപതുകളില്‍ ഞങ്ങള്‍ ബ്രസീലുകാര്‍ക്ക് റിവെല്ലിനൊ, ഗെര്‍സണ്‍, ടൊസ്റ്റാവോ തുടങ്ങിയ മികച്ച കളിക്കാരുണ്ടായിരുന്നു. അര്‍ജന്റീനയാവട്ടെ ഇപ്പോള്‍ മെസ്സിയെ മാത്രമാണ് ആശ്രയിക്കുന്നത്''-മറുപടിയായി പെലെ പറഞ്ഞു.
1986ല്‍ അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത ആളാണ് മാറഡോണ. മെസ്സിക്കാവട്ടെ രാജ്യത്തിനുവേണ്ടി ഇതുവരെ ലോകകപ്പോ കോപ്പ അമേരിക്കയോ നേടിക്കൊടുക്കാനായിട്ടില്ല. ഒളിമ്പിക് സ്വര്‍ണം മാത്രമാണ് രാജ്യത്തിനുവേണ്ടിയുള്ള മെസ്സിയുടെ സംഭാവന. സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മെസ്സി അര്‍ജന്റീനയ്ക്കുവേണ്ടി ആത്മാര്‍ഥമായി കളിക്കുന്നില്ല എന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് വിമര്‍ശവുമായി ഡീഗോ മാറഡോണ തന്നെ രംഗത്തുവന്നത്. 2010ലെ ലോകകപ്പില്‍ മെസ്സിയോട് അമിത വാത്സല്യം കാട്ടിയതിന് ടീമംഗങ്ങളുടെ വരെ വിമര്‍ശം നേരിടേണ്ടിവന്നയാളാണ് മാറഡോണ.