ഇബ്രയും പെപ്പും മടങ്ങി, മാഞ്ചസ്റ്ററിന് താത്കാലിക ആശ്വാസം


ബയറണ്‍ മ്യൂണിക്കിന് രണ്ട് ജര്‍മ്മന്‍ കപ്പും മൂന്ന് ബുണ്ട്‌സ ലിഗ കിരീടവും സമ്മാനിച്ച് പെപ്പ് ഗാര്‍ഡിയോളയും പിഎസ്ജിയുടെ കിരീട നേട്ടങ്ങളില്‍ നിര്‍ണായകമായ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചും വിജയകരമായ സീസണിനൊടുവിലാണ് ക്ലബ്ബ് വിടുന്നത്.

പെപ് ഗാര്‍ഡിയോളയുടെയും സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെയും മാറ്റ്‌സ് ഹമ്മല്‍സിന്റെയും വിടവാങ്ങലോട് കൂടിയാണ് യൂറോപ്പിലെ പ്രമുഖ ഫുട്‌ബോള്‍ ലീഗ് കപ്പുകള്‍ക്ക് തിരശ്ശീല വീണത്. അന്തിമ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ബയറണ്‍ മ്യൂണിക്കും യുവന്റസും പിഎസ്ജിയും കിരീടം നേടിയപ്പോള്‍ ക്രിസ്റ്റല്‍ പാലസും ബൊറൂസിയയും മാഴ്‌സയും എസി മിലാനും തല കുനിച്ച് മടങ്ങി.

സീസണിനൊടുവില്‍ മാഞ്ചസ്റ്ററിന് ആശ്വാസം

എഫ് കപ്പില്‍ ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആശ്വാസജയം കണ്ടെത്തിയത്. മാഞ്ചസ്റ്ററിന് വേണ്ടി യുവാന്‍ മാട്ട, ജെസ്സെ ലിങ്ഗാര്‍ഡ് എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ക്രിസ്റ്റല്‍ പാലസിന്റെ ഗോള്‍ ജാസണ്‍ പഞ്ചിയോണിന്റെ വകയായിരുന്നു.

വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ നിശ്ചിത സമയത്ത് 1-1 സമനിലയായിരുന്നു. ജാസണ്‍ പഞ്ചിയോണിന്റെ ഗോളിലൂടെ ക്രിസ്റ്റല്‍ പാലസ് മുന്നിലെത്തി. എന്നാല്‍ യുവാന്‍ മാട്ടയുടെ ഗോളിലൂടെ മാഞ്ചസ്റ്റര്‍ തിരിച്ചടിച്ചതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു.

അധിക സമയത്തിന്റെ ആദ്യ പകുതിയില്‍ മാഞ്ചസ്റ്ററിന്റെ ക്രിസ് സ്മാലിങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായെങ്കിലും 10 പേരുമായി പിടിച്ചു നിന്ന ടീം അഞ്ചു മിനിറ്റിനു ശേഷം ജെസ്സെ ലിങ്ഗാര്‍ഡിലൂടെ നിര്‍ണായക ഗോള്‍ നേടി കിരീടം ഉറപ്പിച്ചു. എഫ്എ കപ്പില്‍ മാഞ്ച്‌സറ്ററിന്റെ 12-ാം കിരീടമാണിത്. 2004ന് ശേഷം ആദ്യം നേടുന്ന കിരീടവും. പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണ് ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കാന്‍ യോഗ്യത നഷ്ടപ്പെട്ട മാഞ്ചസ്റ്ററിനും പരിശീലകന്‍ ലൂയി വാന്‍ഗാലിനും താത്കാലിക ആശ്വാസമാണ് എഫ്എ കപ്പ് കിരീടധാരണം.

പെപ്പ് മടങ്ങി, അര്‍ഹിച്ച അംഗീകാരത്തോടെ

ബെര്‍ലിനിലെ ഒളിമ്പ്യാ സ്റ്റേഡിയത്തില്‍ പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളക്ക് യോജിച്ച രീതിയില്‍ തന്നെ ബയറണ്‍ മ്യൂണിക്ക് യാത്രയയപ്പ് നല്‍കി. ജര്‍മ്മന്‍ ഫുട്‌ബോളിലെ ബദ്ധവൈരികളായ ബയറണ്‍ മ്യൂണിക്കും ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ബെര്‍ലിനില്‍ ഏറ്റുമുട്ടിയപ്പോള്‍ അവസാന വിജയം ബയറണിനൊപ്പം നിന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവില്‍ 4-3നായിരുന്നു ബയറണിന്റെ വിജയം.

ഡോര്‍ട്ട്മുണ്ടിന്റെ സ്‌വെന്‍ ബെന്‍ഡേര്‍സിന്റെ കിക്ക് ബയറണിന്റെ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ തടഞ്ഞപ്പോള്‍ സോക്രട്ടീസ് പന്ത് പുറത്തേക്കടിച്ചു കളഞ്ഞു. ബയറണ്‍ താരം ജോഷോ കിമ്മിച്ചിന്റെ പെനാല്‍റ്റി റോമന്‍ ബുറേക്കി തടഞ്ഞെങ്കിലും തോമസ് മുള്ളറും ഡോഗ്‌ലസ് കോസ്റ്റയും ബയറണിനെ വിജയ വഴിയിലെത്തിക്കുകയായിരുന്നു.

തുടര്‍ച്ചയായി നാലാംതവണയും ബുണ്ടസ്ലിഗ കിരീടം നേടിയ ബയറണ്‍ ആ മികവ് ജര്‍മ്മന്‍ കപ്പിലും ആവര്‍ത്തിച്ചു. ജര്‍മ്മന്‍ കപ്പില്‍ ബയറണിന്റെ 18ാം കിരീടമാണിത്. അതേ സമയം തുടര്‍ച്ചയായ മൂന്നാം തവണയാണ് ബൊറൂസിയ ജര്‍മ്മന്‍ കപ്പ് ഫൈനലില്‍ തോല്‍ക്കുന്നത്. 2014ല്‍ ബയറണിനോടും 2015ല്‍ വൂള്‍ഫ്‌സ്ബര്‍ഗിനോടുമാണ് ബൊറൂസിയ പരാജയപ്പെട്ടത്.

രണ്ട് ജര്‍മ്മന്‍ കപ്പും മൂന്ന് ബുണ്ട്‌സ ലിഗ കിരീടവും ബയറണിന് നേടിക്കൊടുത്ത് വിടവാങ്ങുന്ന ഗാര്‍ഡിയോള മത്സരശേഷം കരഞ്ഞു കൊണ്ട് കളിക്കാരെ ചുംബിച്ചും ആശ്ലേഷിച്ചുമാണ് കിരീട നേട്ടം ആഘോഷിച്ചത്. ബൊറൂസിയയുടെ നായകന്‍ മാറ്റ്‌സ് ഹമ്മല്‍സിനും ഇത് വിടവാങ്ങല്‍ മത്സരമായിരുന്നു. അടുത്ത സീസണ്‍ മുതല്‍ ബയറണിനൊപ്പമാകും ഹമ്മല്‍സ് പന്ത് തട്ടുക.

ഇബ്രയുടെ വിജയം, പിഎസ്ജിയുടെയും

പിഎസ്ജിക്ക് ഫ്രഞ്ച് കപ്പ് സമ്മാനിച്ചാണ് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് പാരീസിലെ സ്റ്റേറ്റ് ഡെ ഫ്രാന്‍സ് സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങിയത്. സീസണില്‍ അമ്പത് ഗോളുകള്‍ പൂര്‍ത്തിയാക്കിയ ഇബ്രാഹിമോവിച്ച് മാഴ്‌സയ്‌ക്കെതിരായ ഫൈനലില്‍ രണ്ട് ഗോളുകളാണ് നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച ഇബ്ര 82-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ മറ്റൗഡിയിലൂടെ മുന്നിലെത്തിയ പിഎസ്ജിക്കായി എഡിസന്‍ കവാനിയും ഗോള്‍ കണ്ടെത്തി. തൗവിനും ബാറ്റ്‌സ്‌ഹേയിയുമാണ് മാഴ്‌സക്കായി ലക്ഷ്യം കണ്ടത്.

''പിഎസ്ജിയിലെ കരിയര്‍ വളരെ രസകരമായ സാഹസമായാണ് ഞാന്‍ കാണുന്നത്. തുടക്കത്തില്‍ പിഎസ്ജി എങ്ങെനെ ആയിരുന്നുവെന്നും ഇപ്പോള്‍ എങ്ങെനെയാണെന്നും നമുക്കെല്ലാവര്‍ക്കുമറിയാവുന്നതാണ്. ദൗത്യം പൂര്‍ത്തിയായി എന്ന് മാത്രമേ എനിക്ക് പറയാനുള്ളു. വന്നു, കണ്ടു, കീഴടക്കി.''മത്സരശേഷം ഇബ്രാഹിമോവിച്ചിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

മൊറാട്ടയുടെ ഗോളില്‍ യുവന്റസ്

അധിക സമയത്തേക്ക് നീണ്ട മത്സരത്തിനൊടുവില്‍ പകരക്കാരനായി ഇറങ്ങിയ ആല്‍വറൊ മൊറാട്ടയുടെ ഗോളില്‍ യുവന്റസിന് ഇറ്റാലിയന്‍ കപ്പ്. ബദ്ധവൈരികളായ എസി മിലാനെ ഒരൊറ്റ ഗോളില്‍ മറികടന്നാണ് യുവന്റസ് തുടര്‍ച്ചയായ രണ്ടാം ഇറ്റാലിയന്‍ കപ്പ് കിരീടം നേടിയത്. തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ ഇറ്റാലിയന്‍ കപ്പും ലീഗ് കിരീടവും നേടുന്ന ആദ്യ ടീമെന്ന ചരിത്ര നേട്ടവും റോമയിലെ ഒളിമ്പ്യാക്കോ സ്‌റ്റേഡിയത്തില്‍ യുവന്റസ് സ്വന്തമാക്കി. അതേ സമയം ലീഗില്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മിലാന്‍ തുടര്‍ച്ചയായ മൂന്ന് സീസണുകളിലും കപ്പുകളൊന്നും നേടാതെ അവസാനിപ്പിക്കേണ്ടി വന്നതിന്റെ നാണക്കേടുമായാണ് ഗ്രൗണ്ട് വിട്ടത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram