2013 ല്‍ പെപ്പ് ഗാര്‍ഡിയോള പരിശീലകനായി ചുമതല ഏറ്റെടുക്കുമ്പോള്‍ ബയറണ്‍ മ്യൂണിക്കായിരുന്നു യൂറോപ്പിലെ ചാമ്പ്യന്മാർ. പെപ്പ് പരിശീലകനായ സമയത്താണ് രണ്ട് തവണ ബാഴസ ചാമ്പ്യന്‍സ് ലീഗ് കിരീടം എത്തിപ്പിടിച്ചത്.
എന്തായാലും ബയറണിലെ ഗാര്‍ഡിയോളയുടെ അധ്യായം അവസാനിക്കുമ്പോള്‍ ചാമ്പ്യന്‍സ് ലീഗെന്ന സ്വപനം ഒരു മരീചികയായിതന്നെ അവശേഷിക്കുകയാണ്. ബയറണിനോടൊപ്പമുള്ള മൂന്നു സീസണുകളിലും ഫൈനല്‍ കാണാതെ തോറ്റു മടങ്ങാനായിരുന്നു ഗാര്‍ഡിയോളയുടെ വിധി.
സെമിഫൈനലിന്റെ രണ്ടാം പാദത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെ 2-1 ന് ബയറണ്‍ പരാജപ്പെടുത്തിയെങ്കിലും ചാമ്പ്യന്‍സ് ലീഗ് കിരീടവുമായി ബയറണില്‍ നിന്ന പടിയിറങ്ങാമെന്ന ഗാര്‍ഡിയോളയുടെ സ്വപ്നം വിഫലമായി.
'എന്റെ മൂന്നു വര്‍ഷത്തെ അധ്വാനവും സമയവും ടീമിന് വേണ്ടി മാറ്റിവച്ചു. എന്റെ പരമാവധി ഞാന്‍ ശ്രമിച്ചു. എന്തുകൊണ്ടോ വിജയം ഞങ്ങളില്‍ നിന്ന് വഴുതിപ്പോയി' മത്സര ശേഷം ഗാര്‍ഡിയോള പറഞ്ഞ വാചകങ്ങളാണിത്.
നിലവിലെ ക്ലബ് പരിശീലകരില്‍ ഗാര്‍ഡിയോളയെപ്പോലെ ആഘോഷിക്കപ്പെട്ട ഒരു വ്യക്തി വേറെയുണ്ടാവില്ല. ഇദ്ദേഹത്തിന് കീഴില്‍ പടയ്ക്കൊരുങ്ങുന്ന ബയറണില്‍ ഒരു പക്ഷെ ആരാധകര്‍ അമിത പ്രതീക്ഷ അര്‍പ്പിച്ചിരിക്കാം. സ്പാനിഷ് ഭീമന്‍മാരായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും യഥാക്രമം 2014, 2015 വര്‍ഷങ്ങളില്‍ ചാമ്പ്യന്‍മാരായപ്പോഴും ഈ സീസണില്‍ ഗാര്‍ഡിയോളയെന്ന പരിശീലകന് പ്രതീക്ഷയുടെ ഭാരവും സമ്മര്‍ദവും അതിജീവിക്കാന്‍ സാധിച്ചില്ലെന്നു വേണം കരുതാന്‍.
ഈ സീസണില്‍ ബയറണുമായുള്ള കരാർ അവസാനിക്കുന്ന ഗാര്‍ഡിയോള ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേരുമെന്ന അഭ്യൂഹം വീണ്ടും ശക്തമായിരിക്കുകയാണ്. ഖത്തര്‍ ആസ്ഥാനായ സ്പോര്‍ട്സ് മീഡിയാ ഗ്രൂപ്പാണ് ഇദ്ദേഹം സിറ്റിയുമായി ധാരണയിലെത്തിയെന്ന വാര്‍ത്ത പുറത്തുവിട്ടത്. ആഴ്ചയില്‍ മൂന്നുകോടി രൂപയാണ് പെപ്പിന് മാഞ്ചസ്റ്റര്‍ സിറ്റി വാഗ്ദാനം ചെയ്തിരിക്കുന്ന പ്രതിവാര പ്രതിഫലമെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. അതായത് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ വെയ്ന്‍ റൂണിക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നല്‍കുന്ന പ്രതിവാര പ്രതിഫലത്തേക്കാള്‍ നാല്‍പ്പത് ലക്ഷത്തോളം കൂടുതൽ. മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കുള്ള തന്റെ ചുവടുമാറ്റം ഗാര്‍ഡിയോളയും ഏറെക്കുറെ സ്ഥിരീകരിച്ച് കഴിഞ്ഞു.
സീസണിനൊടുവില്‍ ബയറൺ ഏറ്റുവാങ്ങുന്ന തുടര്‍തോല്‍വികളെ തുടര്‍ന്ന് പല മുന്‍താരങ്ങളും ഗാര്‍ഡിയോളക്കെതിരെ ശക്തമായ വിമര്‍ശമാണ് തൊടുത്തുവിട്ടിരിക്കുന്നത്. അത്‌ലറ്റികോയുമായുള്ള സെമിയുടെ ആദ്യ പാദത്തില്‍ തോമസ് മുള്ളറെ 70 മിനുറ്റോളം ബെഞ്ചില്‍ ഇരുത്തിയത് കടുത്ത പ്രതിഷേധമുണ്ടാക്കി. മത്സരത്തില്‍ ബയറണ്‍ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു.
പെപ്പ് ഗാര്‍ഡിയോളയെന്ന പേര് വിജയത്തിന്റെ പര്യായമൊന്നുമല്ല എങ്കിലും ഈ പരിശീലകനില്‍ ആരാധകര്‍ ഇത്രയും പ്രതീക്ഷയും വിശ്വാസവും അര്‍പ്പിച്ചത് അദ്ദേഹം ബുദ്ധിപരമായ മത്സര തന്ത്രങ്ങള്‍ കണ്ട് ശീലിച്ചത് കൊണ്ടായിരിക്കാം. ദീര്‍ഘ വീക്ഷണത്തോടുകൂടിയുള്ള പരിശീലനരീതി കൊണ്ട് കളിക്കാരുടെ ആരാധനാപാത്രമായ ഗാര്‍ഡിയോള ബയറണ്‍ മ്യൂണിക്ക് അദ്ധ്യായം ഒരുപക്ഷെ ഇനി മറക്കാനായിരിക്കും ഇഷ്ടപ്പെടുക.