പോര്‍ട്ടോ: ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ട്ടോയെ 4-1ന് തകര്‍ത്ത് ലിവര്‍പൂള്‍ അനായാസം സെമി ഫൈനലില്‍. ആദ്യ പാദത്തില്‍ 2-0ത്തിന് സ്വന്തം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ വിജയിച്ച ലിവര്‍പൂളിന് എവേ ഗ്രൗണ്ടും പുത്തരിയായിരുന്നില്ല. പോര്‍ട്ടോയെ ചിത്രത്തിലേ ഇല്ലാതാക്കി നാല് ഗോളുകള്‍ ലിവര്‍പൂള്‍ അടിച്ചുകൂട്ടി. ഇതോടെ ഇരുപാദങ്ങളിലുമായി 6-1ന്റെ വിജയവുമായി ലിവര്‍പൂള്‍ സെമി ഫൈനല്‍ ഉറപ്പിച്ചു.
ഇനി സെമിയില്‍ ലിവര്‍പൂളിന്റെ എതിരാളി സ്പാനിഷ് കരുത്തരായ ബാഴ്‌സലോണയാണ്. മറ്റൊരു സെമിയില്‍ അയാക്‌സും ടോട്ടനവും ഏറ്റുമുട്ടും. അയാക്‌സ് യുവന്റസിനേയും ടോട്ടനം മാഞ്ചസ്റ്റര്‍ സിറ്റിയേയും അട്ടിമറിച്ചാണ് സെമിയിലെത്തിയത്.
26-ാം മിനിറ്റില്‍ സാദിയോ മാനെ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. 65-ാം മിനിറ്റില്‍ മുഹമ്മദ് സലയും ലക്ഷ്യം കണ്ടു. എന്നാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ മിലിറ്റവോയിലൂടെ പോര്‍ട്ടോ ഒരു ഗോള്‍ മടക്കി. 2-1. പക്ഷേ ഫിര്‍മിനോയും വാന്‍ ഡൈക്കും അവസരത്തിനൊത്തുയര്‍ന്നു. ഇതോടെ ലിവര്‍പൂള്‍ 4-1ന് വിജയമുറപ്പിച്ചു.
Content Highlights: liverpool win vs porto champions league quarter final second leg