ലണ്ടന്‍: ലോകഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ പ്രതിരോധതാരമായി വിര്‍ജില്‍ വാന്‍ ഡിക്. സതാംപ്ടണില്‍നിന്ന് റെക്കോഡ് തുകയ്ക്ക് ലിവര്‍പൂള്‍ ഡികിനെ സ്വന്തമാക്കിയതോടെയാണിത്. ഏകദേശം 645 കോടി ഇന്ത്യന്‍ രൂപയ്ക്കാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ താരത്തെ കൈമാറ്റം നടത്തിയിരിക്കുന്നത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ടാമത്തെയും ലിവര്‍പൂളിന്റെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കുമാണ് ഹോളണ്ട് താരം ചെമ്പടയിലെത്തിയത്. 2015-ല്‍ സതാംപ്ടണിലെത്തിയ വാന്‍ ഡിക് അവര്‍ക്കായി 67 മത്സരം കളിച്ചു. നാലു ഗോളുകളും താരം എതിര്‍ പോസ്റ്റിലെത്തിച്ചു. യുവന്റസില്‍നിന്ന് 785 കോടി രൂപയ്ക്ക് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയ പോള്‍ പോഗ്ബയാണ് നിലവില്‍ പ്രീമിയര്‍ ലീഗിലെ വിലകൂടിയ താരം.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ നിലവില്‍ നാലാമതാണ് ലിവര്‍പൂള്‍. സീസണില്‍ 46 ഗോളുകളടിച്ച ടീം 23 ഗോളുകള്‍ വഴങ്ങുകയും ചെയ്തു. മുന്നേറ്റനിര ഗോളടിക്കുമ്പോഴും പാളുന്ന പ്രതിരോധം ചെമ്പടയ്ക്ക് സീസണില്‍ വിനയാകുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാന്‍വേണ്ടിയാണ് റെക്കോഡ് തുകയ്ക്ക് യര്‍ഗന്‍ ക്ലോപ് താരത്തെ സ്വന്തമാക്കുന്നത്.