ലണ്ടന്‍: നിലവില്‍ പി.എസ്.ജിയില്‍ കളിക്കുന്ന ഫ്രഞ്ച് താരം എംബാപ്പയെ ലിവര്‍പൂളിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് ഫാബിന്യോ. മൊണോക്കോയില്‍ നിന്ന് ലിവര്‍പൂളില്‍ പുതുതായി എത്തിയ മിഡ്ഫീല്‍ഡറാണ് ഫാബിന്യോ. മൊണോക്കോയില്‍ എംബാപ്പെയുമായി ഒരുമിച്ചു കളിച്ച സൗഹൃദം വെച്ചാണ് താരത്തെ ആന്‍ഫീല്‍ഡിലെത്തിക്കാന്‍ ഫാബിന്യോ ശ്രമിക്കുക. 2016-17 സീസണില്‍ ഫാബിന്യോയും എംബാപ്പെയും ചേര്‍ന്നാണ് മൊണോക്കോയെ ലീഗ് വണ്‍ ചാമ്പ്യന്‍മാരാക്കിയത്.
57 മില്ല്യണ്‍ ഡോളര്‍ നല്‍കിയാണ് മൊണോക്കോയില്‍ നിന്ന് ബ്രസീല്‍ താരത്തെ ലിവര്‍പൂള്‍ തട്ടകത്തിലെത്തിച്ചത്. മൊണോക്കോയിലെ ഫാബിന്യോയുടെ മുന്‍ സഹതാരങ്ങളായ ബെഞ്ചമിന്‍ മെന്‍ഡിയും ബെര്‍ണാണ്ടൊ സില്‍വയും ലിവര്‍പൂളിനായാണ് നിലവില്‍ കളിക്കുന്നത്.
കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയ ലിവര്‍പൂള്‍ ഈ വര്‍ഷം രണ്ടും കല്‍പ്പിച്ചാണ് ഇറങ്ങുന്നത്. ഫാബിന്യോ, നെബി കെയ്ത, ഷെര്‍ദാര്‍ ഷാക്കിരി, അലിസണ്‍ എന്നിവരെയെല്ലാം പുതുതായി ലിവര്‍പൂള്‍ തട്ടകത്തിലെത്തിച്ചിട്ടുണ്ട്.
'ഞങ്ങള്‍ക്ക് മികച്ച ടീമുണ്ട്. മികച്ച പരിശീലകനുമുണ്ട്. കിരീടത്തിനായി പൊരുതാന്‍ പറ്റുന്ന ടീം.' ബ്രിട്ടീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫാബിന്യോ വ്യക്തമാക്കി. ലിവര്‍പൂളിലേക്ക് മാറിയപ്പോള്‍ അഭിനന്ദനം അറിയിച്ച് എംബാപ്പെ മെസ്സേജ് അയച്ചിരുന്നു. ഈ സീസണില്‍ പി.എസ്.ജിയില്‍ തന്നെയാണ് അവന്‍ കളിക്കുക. പക്ഷേ പതുക്കെ ലിവര്‍പൂളിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഞാന്‍ നടത്തും. ഫാബിന്യോ കൂട്ടിച്ചേര്‍ത്തു.
Content Highlights: Liverpool’s new midfielder Fabinho says he’ll try to lure Mbappe to Anfield in the future