മ്യൂണിക്ക്: ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ക്ലബ്ബുകളുടെ കുതിപ്പ് തുടരുന്നു. ജര്‍മ്മനിയിലെ കരുത്തരായ ബയറണ്‍ മ്യൂണിക്കിനെ തോല്‍പ്പിച്ച് ലിവര്‍പൂള്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യ പാദ മത്സരം ഗോള്‍രഹിത സമനിലയായിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം പാദത്തില്‍ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യത്തില്‍ വിജയിച്ച് ബയറണ്‍ മ്യൂണിക്ക് ക്വാര്‍ട്ടറിലേക്ക് മുന്നേറുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ബയറണ്‍ മ്യൂണിക്കിനെ അവരുടെ ഗ്രൗണ്ടില്‍ ലിവര്‍പൂള്‍ 3-1ന് തകര്‍ത്തു.
26-ാം മിനിറ്റില്‍ സാദിയോ മാനേയുടെ ഗോളില്‍ ലിവര്‍പൂള്‍ ലീഡെടുത്തു. വാന്‍ ഡെക് നല്‍കിയ പാസ് സ്വീകരിച്ച മാനെ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയറിനെ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. എന്നാല്‍ 39-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ ബയറണ്‍ ലിവര്‍പൂളിനെ ഒപ്പം പിടിച്ചു. ഗ്നാബിറയുടെ ഷോട്ട് മാറ്റിപ്പിന്റെ കാലില്‍ തട്ടി ലിവര്‍പൂളിന്റെ വലയിലേക്ക് വീഴുകയായിരുന്നു. ഇതോടെ സ്‌കോര്‍ 1-1 ആയി.
എന്നാല്‍ രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ ലിവര്‍പൂളിന് അനുകൂലമായി. കോര്‍ണറില്‍ നിന്ന് വാന്‍ഡെക് ലിവല്‍പൂളിന് ലീഡ് നല്‍കി. 83-ാം മിനിറ്റില്‍ മാനേ രണ്ടാം ഗോള്‍ കണ്ടെത്തിയതോടെ ലിവര്‍പൂള്‍ വിജയമുറപ്പിച്ചു. സലാ നല്‍കിയ മനോഹരമായൊരു പാസ്സില്‍ ഹെഡ് ചെയ്തായിരുന്നു മാനേയുടെ ഗോള്‍.
ലിവര്‍പൂളിന്റെ വിജയത്തോടെ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറില്‍ നാല് ഇംഗ്ലീഷ് ടീമുകളായി. നേരത്തേ മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടന്‍ഹാം എന്നിവരും ക്വാര്‍ട്ടറില്‍ എത്തിയിരുന്നു.
Content Highlights: Liverpool beat Bayern Munich at the Allianz Arena and reach the Champions League quarter finals