മാനേയുടെ ഇരട്ടഗോളില്‍ ലിവര്‍പൂളിന് വിജയം; ആഴ്‌സണിലനെ തകര്‍ത്ത് സിറ്റി


2 min read
Read later
Print
Share

റഹിം സ്റ്റെര്‍ലിങ് (14), ബെര്‍ണാഡോ സില്‍വ (64) എന്നിവരാണ് സിറ്റിക്കുവേണ്ടി സ്‌കോര്‍ ചെയ്തത്.

ലണ്ടന്‍: കഴിഞ്ഞ സീസണില്‍ അവസാനിപ്പിച്ചിടത്തുനിന്ന് സിറ്റി വീണ്ടും തുടങ്ങുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ജേതാക്കളായ മാഞ്ചെസ്റ്റര്‍ സിറ്റി കരുത്തരായ ആഴ്സണലിനെ ഏകപക്ഷീയമായ രണ്ടുഗോളിന് തോല്‍പ്പിച്ച് പുതിയ സീസണില്‍ യാത്ര തുടങ്ങി.

റഹിം സ്റ്റെര്‍ലിങ് (14), ബെര്‍ണാഡോ സില്‍വ (64) എന്നിവരാണ് സിറ്റിക്കുവേണ്ടി സ്‌കോര്‍ ചെയ്തത്. ആഴ്സണലിന്റെ ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ എതിരാളികള്‍ക്ക് വലിയ അവസരങ്ങളൊന്നും നല്‍കാതെയായിരുന്നു സിറ്റിയുടെ മുന്നേറ്റം.

സെര്‍ജി അഗ്യൂറോ- റഹിം സ്റ്റെര്‍ലിങ് എന്നിവര്‍ക്കൊപ്പം പുതുതായി ടീമിലെത്തിയ റിയാദ് മെഹറസിനെയും ആക്രമണച്ചുമതല ഏല്‍പ്പിച്ച് 4-3-3 ശൈലിയിലാണ് സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള ടീമിനെ ഇറക്കിയത്. മികച്ച ഒത്തിണക്കത്തോടെ കളിച്ച സിറ്റി, ഈ സീസണിലും പ്രീമിയര്‍ ലീഗിലെ പ്രധാന ശക്തിയാകുമെന്ന് ആദ്യമത്സരം തെളിയിച്ചു.

ആഴ്സന്‍ വെങ്ങര്‍ക്ക് പകരം ഈ സീസണില്‍ ആഴ്സണലിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്ത ഉനായ് എംറിക്ക് ആദ്യത്തെ മത്സരം നിരാശയുടേതായി.

അതേസമയം പുതിയ സീസണിലേക്ക് വരവറിയിച്ച് ചെമ്പടയും തുടങ്ങി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. ഞായറാഴ്ച നടന്ന മത്സരത്തില്‍ യര്‍ഗന്‍ ക്ലോപ്പിന്റെ ചെമ്പട എതിരില്ലാത്ത നാലുഗോളുകള്‍ക്ക് വെസ്റ്റ്ഹാം യുണൈറ്റഡിനെ തകര്‍ത്തു.

വിജയികള്‍ക്കായി സാദിയോ മാനെ (45, 53) ഇരട്ടഗോള്‍ നേടി. മുഹമ്മദ് സല (19), ഡാനിയല്‍ സ്റ്ററിഡ്ജ് (88) എന്നിവരുടെ വകയായിരുന്നു മറ്റ് ഗോളുകള്‍.

കഴിഞ്ഞ സീസണിലെ മികച്ച ഫോം ഇത്തവണയും നിലനിര്‍ത്താനാവുമെന്ന് അടിവരയിടുന്നതായിരുന്നു ആദ്യ മത്സരത്തില്‍ ലിവര്‍പൂളിന്റെ പ്രകടനം. സാദിയോ മാനെ, മുഹമ്മദ് സല, റോബര്‍ട്ടോ ഫിര്‍മിനോ ത്രയം ആദ്യ മത്സരത്തില്‍ തിളങ്ങിയതും ചെമ്പടയ്ക്ക് പ്രതീക്ഷ നല്‍കുന്നു. മാനെയും സലയും ഗോളടിച്ചപ്പോള്‍ ഫിര്‍മിനോ ഒരുഗോളിന് വഴിയൊരുക്കി.

മധ്യനിരയില്‍ പുതിയ താരം നബി കെയ്റ്റയുടെ പ്രകടനവും ആരാധകരുടെ കൈയടി വാങ്ങി. കാര്യമായ പരീക്ഷണങ്ങളൊന്നും നേരിട്ടില്ലെങ്കിലും പ്രതിരോധം പിഴവുകള്‍ വരുത്താതെ കാത്തു. മത്സരത്തില്‍ പലപ്പോഴും ഗോള്‍കീപ്പര്‍ അലിസണ് കാഴ്ചക്കാരന്റെ റോളായിരുന്നു. ലീഗിലെ മറ്റൊരു മത്സരത്തില്‍ സതാംപ്ടണും ബേണ്‍ലിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

Conetnt Highlights: Liverpool and Manchester City Won Sadio Mane

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram