ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തന്‍മാര്‍ക്ക് വിജയം. ആഴ്‌സണല്‍ ന്യൂകാസിലിനെ തോല്‍പ്പിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി ഫുള്‍ഹാമിനേയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാറ്റ്‌ഫോഡിനേയും പരാജയപ്പെടുത്തി. കാര്‍ഡിഫ് സിറ്റിക്കെതിരെയായിരുന്നു ചെല്‍സിയുടെ വിജയം. ഇതോടെ കളിച്ച അഞ്ച് മത്സരങ്ങളിലും വിജയിച്ച് ചെല്‍സി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. അതേസമയം ലെസ്റ്റര്‍ സിറ്റിയെ ബൗണ്‍മൗത്ത് പരാജയപ്പെടുത്തി.
ഈഡന്‍ ഹസാര്‍ഡിന്റെ ഹാട്രിക്കിൽ ഒന്നിനെതിരേ നാല് ഗോളിനാണ് ചെല്‍സി കാര്‍ഡിഫ് സിറ്റിയെ തകര്‍ത്തത്. ഒരു ഗോള്‍ വില്ല്യന്റെ വകയായിരുന്നു. സോള്‍ ബാംബയാണ് കാര്‍ഡിഫ് സിറ്റിയുടെ ഏകഗോള്‍ നേടിയത്. ഇതോടെ ഇംഗ്ലണ്ടിലെ ലീഗ് ചരിത്രത്തില്‍ അപൂര്‍വ റെക്കോര്‍ഡ് ചെല്‍സി സ്വന്തമാക്കി. ഒരു ലീഗ് സീസണില്‍ ആദ്യത്തെ അഞ്ച് മത്സരങ്ങളും ഒന്നില്‍ കൂടുതല്‍ തവണ ജയിക്കുന്ന അപൂര്‍വ റെക്കോഡാണ് ചെല്‍സി സ്വന്തം പേരില്‍ കുറിച്ചത്. ടോട്ടനത്തെ തോല്‍പിച്ച് നേരത്തെ ലിവര്‍പൂളും ഈ റെക്കോഡിലെത്തിയിരുന്നു.
1992 -1993 മുതല്‍ പ്രീമിയര്‍ ലീഗ് ഇന്ന് കാണുന്ന രൂപത്തിലായ ശേഷം ആദ്യമായാണ് ഒന്നില്‍ കൂടുതല്‍ ടീമുകള്‍ ആദ്യ അഞ്ച് മത്സരങ്ങളും ജയിക്കുന്നത്. ഇംഗ്ലണ്ട് ടോപ്പ് ഡിവിഷനില്‍ ഈ നേട്ടം ഇതിന് മുമ്പ് പിറന്നത് 1908-1909 സീസണിലാണ്. നൂറിലധികം വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെ ചെല്‍സിയും ലിവര്‍പൂളും നേട്ടം ആവര്‍ത്തിച്ചു.
എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു സിറ്റിയുടെ വിജയം. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ലിറോയ് സാനെ സിറ്റിയെ മുന്നിലെത്തിച്ചു. 21-ാം മിനിറ്റില്‍ ഡേവിഡ് സില്‍വയും 47-ാം മിനിറ്റില്‍ റഹീം സ്‌റ്റെര്‍ലിങ്ങും ലക്ഷ്യം കണ്ടു. ഒന്നിനെതിരേ രണ്ട് ഗോളിനായിരുന്നു യുണൈറ്റഡിന്റെ വിജയം. റൊമേലു ലുക്കാക്കുവും ക്രിസ് സ്മാളിങ്ങും യുണൈറ്റഡിന്റെ ഗോള്‍ നേടിയപ്പോള്‍ ആന്ദ്രെ ഗ്രേ വാറ്റ്‌ഫോഡിനായി ലക്ഷ്യം കണ്ടു. 93-ാം മിനിറ്റില്‍ നെമന്‍ജ മാറ്റികിന് ചുവപ്പ് കാര്‍ഡ് കണ്ടത് യുണൈറ്റഡിന് അടുത്ത മത്സരത്തില്‍ തിരിച്ചടിയാകും.
ഗ്രാനിറ്റ് ഷാക്കെയും മെസ്യൂട്ട് ഓസിലും ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ആഴ്‌സണലിന്റെ വിജയം. ന്യൂകാസിലിനായി 91-ാം മിനിറ്റില്‍ സിയാറണ്‍ ക്ലാര്‍ക്ക് ഒരു ഗോള്‍ തിരിച്ചടിച്ചു.
Content Highlights: Liverpool and Chelsea win again, Man City go third EPL 2018