മെസ്സിക്ക് ആറാം ബാലണ്‍ ദ്യോര്‍; ക്രിസ്റ്റ്യാനോയെ പിന്നിലാക്കി റെക്കോഡ്


2 min read
Read later
Print
Share

ലിവര്‍പൂളിന്റെ ഡച്ച് പ്രതിരോധ താരം വിര്‍ജില്‍ വാന്‍ ഡെയ്കിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മെസ്സിയുടെ നേട്ടം.

പാരിസ്: പ്രതീക്ഷകള്‍ തെറ്റിയില്ല. ലയണല്‍ മെസ്സിക്ക് ബാലണ്‍ ദ്യോര്‍ പുരസ്‌കാരം. മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെയാണ് മെസ്സിയുടെ ബാലണ്‍ ദ്യോര്‍ നേട്ടം. ആറാം തവണ പുരസ്‌കാരം സ്വന്തമാക്കിയ മെസ്സി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ പിന്നിലാക്കുകയും ചെയ്തു. 2009, 2010, 2011,2012,2015 വര്‍ഷങ്ങളിലാണ് മെസ്സി ഇതിന് മുമ്പ് പുരസ്‌കാരം നേടിയത്.

ലിവര്‍പൂളിന്റെ ഡച്ച് പ്രതിരോധ താരം വിര്‍ജില്‍ വാന്‍ ഡെയ്കിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മെസ്സിയുടെ നേട്ടം. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, സാദിയോ മാനെ, മുഹമ്മദ് സല എന്നിവര്‍ 3,4,5 സ്ഥാനങ്ങളിലെത്തി. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയെ ലീഗ് ചാമ്പ്യന്‍മാരാക്കിയതും അര്‍ജന്റീനയെ കോപ അമേരിക്ക ടൂര്‍ണമെന്റില്‍ സെമിയിലെത്തിച്ചതുമാണ് മെസ്സിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

'ഇവിടെ പാരിരിസില്‍ പത്ത് വര്‍ഷം മുമ്പ് ആദ്യ ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിനായി എത്തിയത് ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. എന്റെ മൂന്നു സഹോദരങ്ങള്‍ക്കൊപ്പമായിരുന്നു ഞാന്‍ വന്നത്. അന്ന് എനിക്ക് 22 വയസ് മാത്രമായിരുന്നു പ്രായം. 10 വര്‍ഷത്തിനിടയില്‍ ഇതിപ്പോള്‍ ആറാം പുരസ്‌കാരമാണ്. ഇപ്പോള്‍ എന്റെ പ്രിയപ്പെട്ട ഭാര്യക്കും മക്കള്‍ക്കൊപ്പമാണ് ഞാന്‍ ഈ പുരസ്‌കാരം പങ്കിടുന്നത്. എന്റെ പ്രായത്തെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. എന്നിരുന്നാലും ഇനിയുള്ള കാലവും ഫുട്‌ബോള്‍ ആസ്വദിക്കാനാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്'. പുരസ്‌കാരം സ്വീകരിച്ച് മെസ്സി ആരാധകരോട് സംസാരിച്ചു.

2019-ല്‍ ഇതുവരെ മെസ്സി 54 മത്സരങ്ങളില്‍ നിന്ന് 46 ഗോളുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ ലാ ലിഗ സീസണില്‍ ബാഴ്‌സലോണ ചാമ്പ്യന്‍മാരായപ്പോള്‍ 34 മത്സരങ്ങളില്‍ നിന്ന് മെസ്സി 36 ഗോളുകളും നേടി.

അമേരിക്കന്‍ വനിതാ താരം മെഗാന്‍ റപിനൊ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം നേടി. അമേരിക്കയ്ക്ക് ലോകകിരീടം സമ്മാനിച്ച പ്രകടനമാണ് റപിനൊയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി യുവന്റസിന്റെ ഡച്ച് താരം മാത്തിസ് ഡി ലിറ്റിനാണ്. മികച്ച ഗോള്‍കീപ്പറായി ലിവര്‍പൂളിന്റെ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ അലിസണ്‍ ബെക്കറെ തിരഞ്ഞെടുത്തു.

Content Highlights: Lionel Messi Wins 2019 Ballon d'Or Prize For Record Sixth Time

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram