ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാറൗണ്ടില്‍ കഴിഞ്ഞദിവസം ഉറുഗ്വായ്ക്കെതിരെ അര്‍ജന്റീനയെ വിജയത്തിലേക്കു നയിച്ച നായകന്‍ ലയണല്‍ മെസ്സി പരിക്കുമൂലം അടുത്തമത്സരത്തില്‍നിന്ന് പിന്മാറി. ബുധനാഴ്ച വെനസ്വേലയ്ക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്തമത്സരം.
നാഭിയിലെ പേശികള്‍ക്ക് ക്ഷതമേറ്റതിനെത്തുടര്‍ന്നാണ് മെസ്സിയുടെ പിന്മാറ്റം. അര്‍ജന്റീനാ പരിശീലകന്‍ എഡ്ഗാര്‍ഡോ ബൗസതന്നെയാണ് മെസ്സി പരിക്കിലാണെന്ന് വ്യക്തമാക്കിയത്.
കോപ്പ അമേരിക്ക ഫൈനലിനുശേഷം നാടകീയമായി അന്താരാഷ്ട്ര വിരമിക്കല്‍ പ്രഖ്യാപിച്ച മെസ്സി കഴിഞ്ഞദിവസം ഉറുഗ്വായ്ക്കെതിരായ മത്സരത്തിലൂടെയാണ് തിരിച്ചുവന്നത്. മെസ്സിയുടെ ഗോളില്‍ ജയിച്ച അര്‍ജന്റീന ലോകകപ്പ് തെക്കേ അമേരിക്ക മേഖലാ റൗണ്ടില്‍ ഒന്നാംസ്ഥാനത്തെത്തി.