മാഡ്രിഡ്: 16 അടി അകലെ നിന്നുള്ള ആ തകര്‍പ്പന്‍ ഇടംകാലന്‍ വോളി സെവിയ്യ വലയില്‍ കയറിയപ്പോള്‍ എല്ലാം മറന്ന് കയ്യടിച്ചവരില്‍ സെവിയ്യയുടെ ആരാധകരും ഉണ്ടായിരിക്കും. കാരണം അത്ര മനോഹരമായിരുന്നു മെസ്സിയുടെ കാലില്‍ നിന്ന് പിറന്ന ആ ഗോള്‍. ബോക്‌സിന് തൊട്ടു വെളിയില്‍ ലഭിച്ച പന്ത് ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി മെസ്സി വലയിലെത്തിക്കുകയായിരുന്നു.
മത്സരത്തില്‍ രണ്ടു തവണകൂടി സ്‌കോര്‍ ചെയ്ത മെസ്സി തന്റെ 50-ാം ഹാട്രിക്കും സ്വന്തമാക്കി. മത്സരത്തില്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ വിജയം. ഒരു ഗോളിന് പിന്നിലായ ശേഷം 26-ാം മിനിറ്റിലായിരുന്നു മെസിയുടെ ആദ്യ ഗോള്‍. ഇവാന്‍ റാകിട്ടിച്ചിന്റെ പാസ് ഒരു വോളിയിലൂടെ മെസി വലയിലെത്തിക്കുകയായിരുന്നു.
67-ാം മിനിറ്റില്‍ തന്റെ വലംകാലിന്റെ സൗന്ദര്യം കാണിച്ചുതന്ന മെസ്സിയുടെ ഗോള്‍ വന്നു. ഇത്തവണയും ബാഴ്‌സ പിന്നില്‍ നില്‍ക്കുമ്പോഴാണ് മെസ്സി ഒരിക്കല്‍കൂടി രക്ഷകനായത്. 85-ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ ഹാട്രിക്ക് തികച്ച മെസ്സി, ബാഴ്‌സയെ മുന്നിലെത്തിക്കുകയും ചെയ്തു. ഇന്‍ജുറി ടൈമിലെ സുവാരസിന്റെ ഗോള്‍ കൂടിയായപ്പോള്‍ ബാഴ്‌സയ്ക്ക് രണ്ടിനെതിരേ നാലു ഗോളുകളുടെ വിജയം.
ഡെംബലെയുടെ പാസ് സ്വീകരിച്ച മെസ്സി, വലംകാലന്‍ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. ഒരു കാലുകൊണ്ട് മാത്രമേ മെസ്സിക്ക് കളിക്കാനറിയൂ എന്ന സാക്ഷാല്‍ പെലെയുടെ വാക്കുകള്‍ക്കുള്ള മറുപടിയെന്നോണമായിരുന്നു ആ ഗോള്‍. 50-ാം ഹാട്രിക്കോടെ മെസ്സിയുടെ കരിയറില്‍ ആകെ ഗോള്‍നേട്ടം 650 ആയി.
Content Highlights: Lionel Messi scored the 50th hat-trick of his career