ബ്യൂണസ് ഏറിസ്: അന്താരാഷ്ട്ര ഫുട്‌ബോളിലേക്കുള്ള തന്റെ മടങ്ങിവരവിനെ പരിഹസിച്ചവർക്ക് മറുപടിയുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി. തന്റെ വിരമിക്കല്‍ ഒരു നാടകമായിരുന്നെന്ന് ആരോപിക്കുന്നവരെ ലക്ഷ്യം വെച്ചാണ് മെസ്സി തന്റെ നിലപാട് വ്യക്തമാക്കിയത്.
ആരെയും കബളിപ്പിക്കാന്‍ വേണ്ടിയല്ല താന്‍ വിരമിക്കുന്നതായി പ്രഖ്യാപിച്ചതെന്നും തന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും മെസ്സി പറഞ്ഞു. ഉറുഗ്വായ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം അര്‍ജന്റീനയിലെ ടി.വി പബ്ലിക്കയോട് പ്രതികരിക്കുകയായിരുന്നു മെസ്സി.
''കോപ്പ അമേരിക്കയുടെ ഫൈനലില്‍ പരാജയപ്പെട്ടതില്‍ എല്ലാവര്‍ക്കും നിരാശയുണ്ട്. പക്ഷേ അതിനുശേഷം ഞാന്‍ നന്നായി ചിന്തിച്ചു.
പരിശീലകന്‍ എഡ്ഗാര്‍ഡൊ ബൗസയുമായും പ്രതിസന്ധി ഘട്ടത്തില്‍ എന്റെ കൂടെ നിന്നവരുമായി ഞാന്‍ സംസാരിച്ചു. അവരാണ് വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.''മെസ്സി വ്യക്തമാക്കി.
മെസ്സി പ്രതികരിക്കുന്നു
തന്നെ സന്ദര്‍ശിക്കാനും ദേശീയ ടീമിലേക്കുള്ള തന്റെ തിരിച്ചു വരവിനെ കുറിച്ച് സംസാരിക്കാനും ബാഴ്‌സലോണ വരെ വന്ന ബൗസയോട് മെസ്സി നന്ദി പറഞ്ഞു. ഉറുഗ്വായ്‌ക്കെതിരായ മത്സരത്തില്‍ വിജയഗോള്‍ നേടി മെസ്സി തിരിച്ചു വരവ് രാജകീയമാക്കിയിരുന്നു.
നേരത്തെ മെസ്സിയുടെ വിരമിക്കാല്‍ തീരുമാനം നാടകമാണെന്ന് ഫുട്‌ബോള്‍ ഇതിഹാസം മാറഡോണ അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ച്ചയായി മൂന്ന് ഫൈനലുകളില്‍ തോറ്റതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മെസ്സി നാടകീയമായി വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നും മാറഡോണ തുറന്നടിച്ചിരുന്നു.