മാഡ്രിഡ്: റഷ്യ ആതിഥേയരാകുന്ന ലോകകപ്പിനുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ആരാധകര്‍. ഇനി മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇത്തവണയും ലോകകപ്പില്‍ എല്ലാവരും ഉറ്റുനോക്കുന്ന താരം ലയണല്‍ മെസ്സി തന്നെയാണ്.
ദേശീയ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച ശേഷം തിരിച്ചുവരവ് നടത്തിയ മെസ്സിയുടെ അവശേഷിക്കുന്ന സ്വപ്‌നം ഒരു ലോകകപ്പ് കിരീടമെന്നതാണ്. കഴിഞ്ഞ ലാ ലിഗ സീസണിലെ മികച്ച താരത്തിനുള്ള മാഴ്യുടെയുടെ പുരസ്‌കാരം ഏറ്റുവാങ്ങനെത്തിയപ്പോള്‍ മെസ്സി റഷ്യന്‍ ലോകകപ്പിനെ കുറിച്ച് മനസ്സുതുറന്നു. സ്‌പെയിനും അര്‍ജന്റീനയും തമ്മിലുള്ള സ്വപ്‌നഫൈനലിന് റഷ്യ വേദിയാകുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയേണ്ടിയിരുന്നത്.
അതൊരു സ്വപ്‌നഫൈനലാകുമോ എന്നെനിക്കറിയില്ല. പക്ഷേ വീണ്ടുമൊരു ലോകകപ്പ് ഫൈനല്‍ കളിക്കാനായാല്‍ അത് മഹത്തരമായ നേട്ടമാണ്. കപ്പ് നേടാന്‍ ഭാഗ്യം തുണയ്ക്കുമെന്നും കരുതുന്നു. മെസ്സി മറുപടി നല്‍കി.
എന്നാല്‍ പ്രഥമലക്ഷ്യം കിരീടം നേടുകയല്ലെന്നും ഗ്രൂപ്പ് ഘട്ടം കടക്കുകയാണെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു. 'ശക്തരായ ടീമുകളുടെ ഗ്രൂപ്പിലാണ് ഞങ്ങളുള്ളത്. അതുകൊണ്ടുതന്നെ ഗ്രൂപ്പ് ഘട്ടം ഏറെ കടുപ്പമേറിയതാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ വിജയിക്കുന്നതിനാണ് പ്രഥമ പരിഗണന' മെസ്സി വ്യക്തമാക്കി.