ഐന്തോവന്‍: റയല്‍ മാഡ്രിഡിനു പിന്നാലെ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയും ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ടില്‍ കടന്നു. സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ ഡച്ച് ക്ലബ്ബ് പി.എസ്.വി ഐന്തോവനെ അവരുടെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബാഴ്‌സലോണ പരാജയപ്പെടുത്തിയത്.
61-ാം മിനിറ്റില്‍ മെസ്സിയും 70-ാം മിനിറ്റില്‍ ജെറാര്‍ഡ് പിക്വെയുമാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്. 82-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ലുക്ക് ഡി ജോങ്ങിലൂടെ പി.എസ്.വി ഒരു ഗോള്‍ മടക്കിയെങ്കിലും ബാഴ്‌സയുടെ വിജയം തടയാന്‍ സാധിച്ചില്ല.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ബാഴ്‌സയ്ക്കായിരുന്നു ആധിപത്യം. എന്നാല്‍ ഗോള്‍ മാത്രം അകന്നു നിന്നു. ആദ്യ പകുതി ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിച്ചു.
61-ാം മിനിറ്റില്‍ മെസ്സിയും ഓസുമാനെ ഡെംബലെയും ചേര്‍ന്നുള്ള മുന്നേറ്റമാണ് ബാഴ്‌സയ്ക്ക് ലീഡ് സമ്മാനിച്ചത്. 70-ാം മിനിറ്റില്‍ മെസ്സിയുടെ ഫ്രീകിക്കില്‍ നിന്നായിരുന്നു പിക്വെയുടെ ഗോള്‍. വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ 13 പോയിന്റുമായി ബാഴ്‌സ നോക്കൗട്ട് ഉറപ്പിച്ചു.
Content Highlights: lionel messi guides barcelona to top of champions league group