ക്യാമ്പ് നൗ: ആദ്യ പാദത്തിലേറ്റ തോല്‍വിക്ക് പകരം വീട്ടി സെവിയ്യയെ തകര്‍ത്ത് ബാഴ്സലോണ കോപ്പ ഡെല്‍ റെയുടെ സെമിഫൈനലില്‍ കടന്നിരുന്നു. പ്രധാന താരങ്ങളെല്ലാം മടങ്ങിയെത്തിയ മത്സരത്തില്‍ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ വിജയം.
എന്നാല്‍ മത്സരത്തിനിടെ മെസ്സിയുടെ ഒരു പ്രവൃത്തി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. മെസ്സിയെ പെനല്‍റ്റി ബോക്‌സില്‍ വീഴ്ത്തിയതിന് ബാഴ്‌സക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചിരുന്നു. സെമിയിലെത്താന്‍ വലിയ മാര്‍ജിനില്‍ ജയം അനിവാര്യമായിരുന്നതിനാല്‍ മെസ്സി തന്നെ കിക്കെടുക്കുമെന്ന് എല്ലാവരും കരുതി.
എന്നാല്‍ അദ്ദേഹത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു. അടുത്തകാലത്തായി അത്ര ഫോമിലല്ലാതിരുന്ന ബ്രസീലിയന്‍ താരം ഫിലിപ്പെ കുടീഞ്ഞ്യോയ്ക്ക് മെസ്സി ആ അവസരം കൈമാറി. കിക്കെടുത്ത കുടീഞ്ഞ്യോ പന്ത് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.
അടുത്തകാലത്തായി ഫോമിലല്ലാതിരുന്ന കുടീഞ്ഞ്യോക്ക് ആത്മവിശ്വാസമേകാനായിരുന്നു ഈ നീക്കമെന്ന് മെസ്സി വെളിപ്പെടുത്തി. നേരത്തെ ലെവാന്തെയ്‌ക്കെതിരായ മത്സരത്തിലും കുടീഞ്ഞ്യോ പെനാല്‍റ്റിയെടുത്തിരുന്നു. സെവിയ്യക്കെതിരേയും പെനാല്‍റ്റിയെടുക്കാന്‍ താരത്തിന് താല്‍പ്പര്യമുണ്ടായിരുന്നു. അതുകൊണ്ടാണ് കിക്കെടുക്കാന്‍ കുടീഞ്ഞ്യോയെ വിളിച്ചതെന്ന് മെസ്സി വ്യക്തമാക്കി.
അതേസമയം, പെനാല്‍റ്റി കൈമാറിയ മെസ്സിയുടെ തീരുമാനത്തെ കുടീഞ്ഞ്യോയും പുകഴ്ത്തി. ആ തീരുമാനം അദ്ദേഹത്തിന്റെ വലിയ മനസിന്റെ അടയാളമാണെന്നായിരുന്നു കുടീഞ്ഞ്യോയുടെ വാക്കുകള്‍. മത്സരത്തില്‍ രണ്ടു ഗോളുകളാണ് കുടീഞ്ഞ്യോ നേടിയത്.
Content Highlights: lionel messi explains why he gave penalty to sevilla philippe coutinho