പാരിസ്: ഫുട്‌ബോളിലെ ഉയര്‍ന്ന പുരസ്‌കാരങ്ങളിലൊന്നായ ബാലണ്‍ദ്യോര്‍ പുരസ്‌കാരം ഇത്തവണ ആരു നേടുമെന്ന കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം. ഒരു പതിറ്റാണ്ടോളമായി മെസ്സിയും റൊണാള്‍ഡോയും പങ്കിടുന്ന പുരസ്‌കാരത്തിന് ഇത്തവണ പുതിയ അവകാശിയുണ്ടാകുമോ എന്ന കാര്യമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അതേസമയം ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുന്‍പേ ബാലണ്‍ദ്യോര്‍ വിജയിയുടെ പേര് ചോര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. വോട്ടിങ് പൂര്‍ത്തിയാകാനിരിക്കെ ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും യുവെന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ആദ്യ മൂന്നില്‍ പോലും ഇടംപിടിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വര്‍ഷത്തെ പുരസ്‌കാരം ക്രൊയേഷ്യന്‍ നായകന്‍ ലൂക്ക മോഡ്രിച്ച് നേടുമെന്നാണ് ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകന്‍ എറിക്ക് മാക്രുത്ത് വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്തെ മികച്ച യൂറോപ്യന്‍ താരത്തിനുള്ള പുരസ്‌കാരവും ഫിഫ ദ ബെസ്റ്റ് പുരസ്‌കാരവും മോഡ്രിച്ച് കരസ്ഥമാക്കിയിരുന്നു.
പുരസ്‌കാരത്തിനുള്ള വോട്ടിങ് പാതി പിന്നിട്ടപ്പോള്‍ മോഡ്രിച്ച് ബഹുദൂരം മുന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഫ്രഞ്ച് താരങ്ങളായ റാഫേല്‍ വരാന്‍ രണ്ടാം സ്ഥാനത്തും കിലിയന്‍ എംബാപ്പെ മൂന്നാമതുമാണ്.
ഫിഫയുടെ അംഗരാജ്യങ്ങളിലെ പരിശീലകര്‍, ക്യാപ്റ്റന്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് ബാലണ്‍ദ്യോര്‍ ജേതാവിനെ തീരുമാനിക്കുന്നത്.
കഴിഞ്ഞ പത്തു വര്‍ഷമായി മെസ്സിയും റൊണാള്‍ഡോയും അല്ലാതെ ബാലണ്‍ദ്യോറിന് മറ്റൊരു അവകാശി ഉണ്ടായിട്ടില്ല. ഇരുവരും അഞ്ചു തവണ വീതം പുരസ്‌കാരം പങ്കിട്ടു. 2007-ല്‍ പുരസ്‌കാരം നേടിയ ബ്രസീല്‍ താരം കക്കയാണ് മെസ്സിയേയും, റോണാള്‍ഡോയേയും കൂടാതെ അവസാനമായി ബാലണ്‍ദ്യോര്‍ നേടിയ താരം.
Content Highlights: lionel messi cristiano ronaldo beaten ballon dor winner's name leaked