ലണ്ടന്‍: ചരിത്രനേട്ടവുമായി ലയണല്‍ മെസ്സി. ലാ ലിഗയിയില്‍ 400 ഗോളുകള്‍ പൂര്‍ത്തിയാക്കിയാണ് മെസ്സിയുടെ ചരിത്രനേട്ടം. യൂറോപ്പിലെ പ്രധാന ലീഗുകളില്‍ ഒരു ലീഗില്‍ മാത്രമായി 400 ഗോളുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോഡ് കൂടി മെസ്സി സ്വന്തമാക്കി. 435 മത്സരങ്ങളില്‍ നിന്നാണ് മെസ്സിയുടെ നേട്ടം.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അക്കൗണ്ടില്‍ 409 ഗോളുകളുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലാ ലിഗ, ഇറ്റാലിയന്‍ ലീഗ് എന്നിവയില്‍ നിന്നാണ് ക്രിസ്റ്റ്യാനോയുടെ നേട്ടം.
എയ്ബറിനെതിരായ മത്സരം തുടങ്ങുംമുമ്പ് റെക്കോഡ് നേട്ടത്തിലേക്ക് ഒരൊറ്റ ഗോള്‍ മതിയായിരുന്നു മെസ്സിക്ക്. 56-ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ മെസ്സി റെക്കോഡ് തൊട്ടു. മത്സരത്തില്‍ എയ്ബറിനെ എതിരില്ലാത്ത മൂന്ന് ഗോളിന് ബാഴ്‌സ തകര്‍ത്തു. മെസ്സിയെക്കൂടാതെ ലൂയി സുവാരസാണ് ഗോള്‍ കണ്ടെത്തിയത്. 19,59 മിനിറ്റുകളിലായിരുന്നു സുവാരസിന്റെ ഗോളുകള്‍.
മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡ് 2-1ന് റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തി. 13-ാം മിനിറ്റില്‍ ലൂക്കാ മോഡ്രിച്ചും 88-ാം മിനിറ്റില്‍ ഡാനി സെബാലോസുമാണ് റയലിനായി ലക്ഷ്യം കണ്ടത്. അന്റോണിയോ ഗ്രീസ്മാന്റെ ഗോളില്‍ ലെവാന്റെയെ അത്‌ലറ്റിക്കോ മാഡ്രിഡും പരാജയപ്പെടുത്തി. ലീഗില്‍ ബാഴ്‌സ ഒന്നാമതും അത്‌ലറ്റിക്കോ രണ്ടാമതുമാണ്. സെവിയ്യയാണ് മൂന്നാം സ്ഥാനത്ത്. 33 പോയിന്റുമായി റയല്‍ നാലാമതാണ്.
Content Highlights: Lionel Messi becomes first player in any of Europe’s top five leagues to score 400 goals