ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ വിജയത്തോടെ പോയിന്റ് പട്ടികയില്‍ അഞ്ചു പോയിന്റ് ലീഡ് നേടി ബാഴ്‌സലോണ. സ്വന്തം മൈതാനത്തു നടന്ന മത്സരത്തില്‍ ലെഗാനെസിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ബാഴ്‌സ തോല്‍പ്പിച്ചത്.
വിജയത്തോടെ പോയിന്റ് ടേബിളില്‍ രണ്ടാമതുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനേക്കാള്‍ അഞ്ചു പോയിന്റിന്റെ വ്യക്തമായ ലീഡ് നിലനില്‍ത്താനും ബാഴ്‌സക്കായി. ഓസുമാനെ ഡെംബലെ, ലൂയിസ് സുവാരസ്, ലയണല്‍ മെസ്സി എന്നിവരാണ് ബാഴ്‌സയുടെ ഗോളുകള്‍ നേടിയത്. ലെഗാനെസിന്റെ ആശ്വാസ ഗോള്‍ മാര്‍ട്ടിന്‍ ബ്രെയ്ത്ത്‌വെയ്റ്റിന്റെ ബൂട്ടില്‍ നിന്നായിരുന്നു.
32-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയുമായി ചേര്‍ന്ന് നടത്തിയ കൗണ്ടര്‍ അറ്റാക്കിനൊടുവിലാണ് ഡെംബലെ, ലെഗാനെസിന്റെ വല കുലുക്കിയത്. 57-ാം മിനിറ്റില്‍ ബ്രെയ്ത്ത്‌വെയ്റ്റിലൂടെ ലെഗാനെസ് ഒപ്പമെത്തി. 71-ാം മിനിറ്റില്‍ സുവാരസ് ബാഴ്‌സയ്ക്ക് ലീഡ് സമ്മാനിച്ചു. ഗോളിയെ ഫൗള്‍ ചെയ്തെന്ന സംശയം ഉയര്‍ന്നതിനാല്‍ വീഡിയോ അസിസ്റ്റന്റ് സംവിധാനം ഉപയോഗിച്ച റഫറി ഗോള്‍ അനുവദിക്കുകയായിരുന്നു.
64-ാം മിനിറ്റില്‍ കളത്തിലിറങ്ങിയ മെസ്സി അധിക സമയത്തിന്റെ രണ്ടാം മിനിറ്റില്‍ ബാഴ്‌സയുടെ മൂന്നാം ഗോള്‍ നേടി. വിജയത്തോടെ 20 മത്സരങ്ങളില്‍ 46 പോയന്റുമായി ലീഗില്‍ ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരുന്നു.
Content Highlights: Lionel Messi, Barcelona Overcome Leganes in 3-1 La Liga Win