ബ്യൂണസ് അയേഴ്‌സ്: കോപ്പ അമേരിക്ക ഫുട്‌ബോളിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ അര്‍ജന്റീന ഹോണ്ടുറാസിനെ പരാജയപ്പെടുത്തിയെങ്കിലും ആരാധകര്‍ സങ്കടത്തിലാണ്. കാരണം മറ്റൊന്നുമല്ല, അവരുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി കളിക്കിടയില്‍ പരിക്കേറ്റു പുറത്തുപോയി.
59ാം മിനിറ്റില്‍ പന്തുമായി മുന്നോട്ടു കുതിക്കുകയായിരുന്ന മെസ്സി എതിര്‍ ടീം കളിക്കാരനുമായി കൂട്ടിയിടിക്കുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ മെസ്സിക്ക് ഗ്രൗണ്ടില്‍ തന്നെ ചികിത്സ നല്‍കിയെങ്കിലും കളി തുടരാനായില്ല. തുടര്‍ന്ന് മെസ്സിയെ പിന്‍വലിച്ച പരിശീലകന്‍ ജെറാര്‍ഡ് മാര്‍ട്ടിനോ പകരക്കാരനായി എവര്‍ ബനേഗയെ കളത്തിലിറക്കി. ഇപ്പോള്‍ ചികിത്സയിലുള്ള മെസ്സിയുടെ പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്ന് അറിവായിട്ടില്ല.
ദുര്‍ബലരായ ഹോണ്ടുറാസിനെതിരെ ആദ്യ പകുതിയില്‍ തന്നെ മാര്‍ക്കോസ് റോജയുടെ ക്രോസ്സില്‍നിന്ന് നാപ്പോളി സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയ്‌നാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. എന്നാല്‍ മെസ്സിക്ക് പരിക്കേറ്റതോടെ അര്‍ജന്റീന ആരാധകര്‍ നിരാശ കലര്‍ന്ന മുഖവുമായാണ് മല്‍സര ശേഷം സ്‌റ്റേഡിയം വിട്ടത്.
Fuerte golpe a Messi ¿Sigue jugando el amistoso? https://t.co/MeXIcD3CBm
— TyC Sports Play (@TyCSportsPlay) 28 May 2016
ജൂണ്‍ ആറിന് കാലിഫോര്‍ണിയയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചിലിക്കെതിരെയാണ് അര്‍ജന്റീനയുടെ കോപ്പ അമേരിക്കയിലെ ആദ്യ മത്സരം. കഴിഞ്ഞ ഫൈനലില്‍ തങ്ങളെ തോല്‍പ്പിച്ച ചിലിക്കെതിരെ മെസ്സിയില്ലാതെ കളത്തിലിറങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.