ബാഴ്‌സലോണ: സൂപ്പര്‍താരം ലയണല്‍ മെസ്സിയെ പരസ്യമായി വിമര്‍ശിച്ച ക്ലബ് ഡയറക്ടര്‍ക്കതിരെ സ്പാനിഷ് ക്ലബായ ബാഴ്‌സലോണയുടെ അച്ചടക്ക നടപടി. ക്ലബിന്റെ ഡയറക്ടര്‍ ഓഫ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ റിലേഷന്‍സ് പെരെ ഗ്രാറ്റക്കോസിനെയാണ് ക്ലബ് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്.
കോപ്പ ഡെല്‍ റേ ടൂര്‍ണമെന്റില്‍ അത്‌ലറ്റിക്കോയ്‌ക്കെതിരെ നേടിയ പ്രീക്വാര്‍ട്ടര്‍ വിജയത്തിന് കാരണക്കാരന്‍ മെസ്സി മാത്രമായിരുന്നില്ലെന്നും ആന്ദ്രെ ഇനിയേസ്റ്റയും നെയ്മറും ഇല്ലെങ്കില്‍ മെസ്സി ഇന്നത്തെപോലെ നല്ലൊരു കളിക്കാരനാവുമായിരുന്നില്ലെന്നുമാണ് ഗ്രാറ്റക്കാസിന്‍ പറഞ്ഞത്. ലിയോ ടീമിന് വിലപ്പെട്ട ഒരു കളിക്കാരനാണെങ്കിലും അതുപോലെ തന്നെ പ്രാധാന്യമുള്ളവരാണ് ലൂയിസ് സുവാരസും ജെറാഡ് പിക്കെയുമെല്ലാം. ഇവരും കൂടി കളിച്ചാണ് ടീം അത്‌ലറ്റിക്കോയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ചത്-ഗ്രാറ്റക്കാസിന്‍ പറഞ്ഞു.
എന്നാല്‍, ഒരു ക്ലബ് ഭാരവാഹിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ളൊരു അഭിപ്രായപ്രകടനം ഉണ്ടായത് ആരാധകരെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. ഇതിനുശേഷമാണ് ക്ലബ് ഗ്രാറ്റക്കാസിനെ നീക്കം ചെയ്തുവെന്ന് അറിയിച്ചുകൊണ്ട് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.
ബാഴ്‌സയുമായി 2018 വരെ കരാറുള്ള മെസ്സി ഇതുവരെ ഈ കരാര്‍ പുതുക്കാന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഒരു ക്ലബ് ഭാരവാഹിയില്‍ നിന്നു തന്നെ പരസ്യവിമര്‍ശനം ഉയരുന്നത്. പതിമൂന്നാം വയസ്സ് മുതല്‍ ബാഴ്‌സയില്‍ കളിച്ചുവരുന്ന മെസ്സി കരിയറില്‍ ഇതുവരെ മറ്റൊരു ക്ലബിന്റെ കുപ്പായം അണിഞ്ഞിട്ടില്ല.