പാരിസ്: ഇത്തവണത്തെ ബാലണ്‍ദ്യോര്‍ ജേതാവ് ആരായിരിക്കുമെന്ന കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം. കഴിഞ്ഞ തവണ ബാലണ്‍ദ്യോര്‍ അന്തിമ പട്ടികയില്‍ പോലും ഇടംലഭിക്കാതിരുന്ന ലയണല്‍ മെസ്സിയാണ് ഇത്തവണ പുരസ്‌കാര സാധ്യതയില്‍ മുന്നില്‍. ഇതിനാല്‍ തന്നെ ലോകമെമ്പാടുമുള്ള മെസ്സി ആരാധകര്‍ പാരിസിലെ ഡ്യു ചാറ്റ്ലെറ്റ് തിയേറ്ററിലേക്ക് കണ്ണുംനട്ടിരിക്കുകയാണ്.
മെസ്സി ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നതും. പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മുമ്പ് ബാലണ്‍ദ്യോര്‍ ജേതാക്കളുടെ പട്ടിക പുറത്തായി. ബാലണ്‍ദ്യോര്‍ റാങ്ക് ലിസ്റ്റ് എന്ന പേരിലുള്ള ഒരു പട്ടികയുടെ സ്‌ക്രീന്‍ ഷോട്ട് ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
പുറത്തായ ഈ പട്ടിക അനുസരിച്ചാണെങ്കില്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിക്കാണ് പുരസ്‌കാരം. 10 കളിക്കാരുടെ പേരും അവര്‍ക്ക് ലഭിച്ചിരിക്കുന്ന പോയന്റും ഉള്‍ക്കൊള്ളുന്നതാണ് പുറത്തായ പട്ടിക. 446 പോയന്റ് നേടിയാണ് മെസ്സി ഒന്നാമത് നില്‍ക്കുന്നത്. 382 പോയന്റുമായി ലിവര്‍പൂളിന്റെ ഹോളണ്ട് താരം വിര്‍ജില്‍ വാന്‍ഡൈക്കാണ് രണ്ടാമത്. മുഹമ്മദ് സലാ മൂന്നാമതും ക്രിസ്റ്റിയാനോ റൊണാള്‍ഡോ നാലാമതുമാണ്.
അതേസമയം ലോകത്തിലെ മികച്ച ഫുട്ബോള്‍ താരത്തിന് ഫ്രഞ്ച് മാസികയായ 'ഫ്രാന്‍സ് ഫുട്‌ബോള്‍' നല്‍കിവരുന്ന ബാലണ്‍ദ്യോര്‍ പുരസ്‌കാര പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്.
ഫിഫയും ബാലണ്‍ദ്യോറും വഴിപിരിഞ്ഞ ശേഷം നടക്കുന്ന നാലാമത്തെ പുരസ്‌കാര പ്രഖ്യാപന ചടങ്ങാണ് ഇത്തവണത്തേത്. 2016 മുതലാണ് ബാലണ്‍ദ്യോര്‍ പുരസ്‌കാരം വേറെ തന്നെ നല്‍കിവരുന്നത്. 2016, 2017 വര്‍ഷങ്ങളില്‍ യുവെന്റസിന്റെ പോര്‍ച്ചുഗള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കായിരുന്നു പുരസ്‌കാരം. കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ചാണ് പുരസ്‌കാരം നേടിയത്.
Content Highlights: Leaked Ballon d'Or results list on online Lionel Messi the winner