നൗകാമ്പ്: ലയണല്‍ മെസ്സിയുടെ മാരകമായ സ്‌കോറിങ് ശേഷിയില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ലാ ലീഗയില്‍ ഐബറിനെ ഒന്നിനെതിരെ ആറു ഗോളിന് തകര്‍ത്ത ബാഴ്‌സ പോയിന്റ് പട്ടികയില്‍ വ്യക്തമായ മേല്‍ക്കൈ നേടി. അഞ്ച് കളികളില്‍ നിന്ന് പതിനഞ്ച് പോയിന്റുള്ള അവര്‍ക്ക് രണ്ടാം സ്ഥാനത്തുള്ള സെവിയ്യയേക്കാള്‍ അഞ്ച് പോയിന്റിന്റെ ലീഡുണ്ട്.
ബാഴ്‌സയുടെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ നാലു ഗോളാണ് മെസ്സിയുടെ ബൂട്ടില്‍ നിന്ന് പിറന്നത്. ആദ്യം ഇരുപതാം മിനിറ്റില്‍. പിന്നീട് 59-ാം മിനിറ്റില്‍ ഒരു പെനാല്‍റ്റിയില്‍ നിന്നും ശേഷിക്കുന്ന രണ്ടെണ്ണം 62, 87 മിനിറ്റുകളിലും. പൗലിന്യോയും (38) ഡേവിഡ് സുവാരസും (53) ആണ് മറ്റ് സ്‌കോറര്‍മാര്‍. 57-ാം മിനിറ്റില്‍ ലക്ഷ്യം കണ്ട എന്റിച്ചിന്റെ വകയായിരുന്നു ഐബറിന്റെ ആശ്വാസഗോള്‍. പകുതി സമയത്ത് മടക്കമില്ലാത്ത രണ്ട് ഗോളിന് മുന്നിലായിരുന്നു ബാഴ്‌സ.
ലാ ലീഗയിലെ കഴിഞ്ഞ നാല് മത്സരങ്ങളില്‍ നിന്ന് ഒന്‍പത് ഗോള്‍ സമ്പാദ്യമായിരിക്കുകയാണ് മെസ്സിക്ക്. ഇതോടെ നൗകാമ്പില്‍ 301 ഗോള്‍ സ്‌കോര്‍ ചെയ്യുക എന്ന നേട്ടവും മെസ്സി സ്വന്തമാക്കി. പതിമൂന്ന് വര്‍ഷം കൊണ്ടാണ് മെസ്സി ഈ ലക്ഷ്യം കൈവരിച്ചത്.
ലാ ലീഗയിലെ മറ്റൊരു മത്സരത്തില്‍ മുന്‍ വെസ്റ്റ്ഹാം സ്‌ട്രൈക്കര്‍ സിമിയോണി സാസായുടെ ഹാട്രിക്കിന്റെ ബലത്തില്‍ വലന്‍സിയ മലാഗയെ മടക്കമില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്തു. 54-ാം മിനിറ്റിനും 63-ാം മിനിറ്റിനും ഇടയ്ക്കായിരുന്നു കഴിഞ്ഞ സീസണില്‍ വലന്‍സിയയില്‍ എത്തിയ ഇറ്റലിക്കാരനായ സാസയുടെ ഹാട്രിക്. സാന്റി മിനയും പകരക്കാരന്‍ റോഡ്രിഗോയുമാണ് മറ്റ് രണ്ട് സ്‌കോറര്‍മാര്‍. അഞ്ച് കളികളില്‍ നിന്ന് ഒന്‍പത് പോയിന്റുള്ള വലന്‍സിയ ഇപ്പോള്‍ ബാഴ്‌സയ്ക്കും സെവിയ്യയ്ക്കും പിറകില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.