മാഡ്രിഡ്: സ്പാനിഷ് ലാ ലീഗ ഫുട്‌ബോളിലെ പുതിയ സീസണില്‍ റയല്‍ മാഡ്രിഡിന് ആദ്യ തോല്‍വി. ലീഗിലെ ഒന്‍പതാം മത്സരത്തില്‍ നവാഗതരായ റയല്‍ മയോര്‍ക്കയാണ് ഏകപക്ഷീയമായ ഒരു ഗോളിന് റയലിനെ വീഴ്ത്തിയത്.
ഇതോടെ റയലിന് ലീഗിലെ ഒന്നാം സ്ഥാനം ബാഴ്‌സയ്ക്ക് അടിയറവയ്‌ക്കേണ്ടവന്നു. ഒന്‍പത് കളികളില്‍ നിന്ന് പതിനെട്ട് പോയിന്റുള്ള റയല്‍ ഇപ്പോള്‍ രണ്ടാമതാണ്. പത്തൊന്‍പത് പോയിന്റുള്ള ബാഴ്‌സ ഇതോടെ ഒന്നാം സ്ഥാനത്തേയ്ക്ക് കയറി.
ഐബറിനെതിരായ എതിരില്ലാത്ത മൂന്ന് ഗോള്‍ ജയമാണ് ബാഴ്‌സയ്ക്ക് തുണയായത്. പകുതി സമയത്ത് ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിട്ടുനിന്ന ബാഴ്‌സയ്ക്കുവേണ്ടി ഗ്രീസ്മാന്‍ (13), മെസ്സി (58), സുവാരസ് (66) എന്നിവരാണ് ഗോളുകള്‍ നേടിയത്.
എഴുപത്തിനാലാം മിനിറ്റില്‍ ഒഡ്രിയോള ചുവപ്പ് കണ്ട് പുറത്തായതോടെ പത്തു പേരായി ചുരുങ്ങിയ റയലിനെതിരേ ലാഗോയാണ് വിജയഗോള്‍ നേടിയത്. ഏഴാം മിനിറ്റിലായിരുന്നു ലാഗോ ജൂനിയറിന്റെ വിജയഗോള്‍. ഗോള്‍ മടക്കാന്‍ കരിം ബെന്‍സെമയ്ക്ക് ഒരു അവസരം ലഭിച്ചെങ്കിലും അത് ലക്ഷ്യത്തിലെത്തിയില്ല.
ലീഗിലെ മറ്റു മത്സരങ്ങളില്‍ വലന്‍സിയ അത്‌ലറ്റിക്കോ മാഡ്രിഡിനെ സമനിലയില്‍ തളച്ചപ്പോള്‍ (1-1) ഗറ്റാഫെ ലെഗാനസിനെ മടക്കമില്ലാത്ത രണ്ട് ഗോളിന് മറികടന്നു.
Content Highlights: La Liga Real Madrid FCBarcelona Messi