ബാഴ്‌സലോണ: ലാ ലിഗയില്‍ ബാഴ്‌സലോണക്ക് തുടര്‍ച്ചായ നാലാം വിജയം. ഗെറ്റാഫയെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പ്പിച്ചാണ് ബാഴ്‌സ നാലാം വിജയം ആഘോഷിച്ചത്. കളിച്ച നാലു മത്സരങ്ങളും ജയിച്ച് ബാഴ്സ 12 പോയന്റോടെ ഒന്നാം സ്ഥാനത്താണ്.
ഷിബാസാക്കിയിലൂടെ ആദ്യം ഗോളടിച്ച ഗെറ്റാഫെ ആദ്യപകുതിയില്‍ മുന്നിട്ടുനിന്നെങ്കിലും രണ്ടാം പകുതിയില്‍ ഡെനിസ് സുവാരസ് (62), പൗളീന്യോ (84) എന്നിവരുടെ ഗോളുകളിലൂടെ ബാഴ്സ വിജയം പിടിച്ചു. ഗെറ്റാഫെയുടെ തട്ടകമായ അല്‍ഫോണ്‍സോ പെരസ് കൊളീഷ്യത്തിലായിരുന്നു കളി.
ലാ ലിഗയിലെ മറ്റു കളികളില്‍ ഐബര്‍ ലെഗാനസിനെ കീഴടക്കിയപ്പോള്‍ (1-0) ലെവാന്റെയും വലെന്‍സിയയും (1- 1) സമനിലപാലിച്ചു.
അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മടക്കമില്ലാത്ത ആറുഗോളുകള്‍ക്ക് വാറ്റ്ഫഡിനെ പരാജയപ്പെടുത്തി മുന്‍ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്തേക്കു കയറി. അര്‍ജന്റീനാ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോയുടെ ഹാട്രിക്കാണ് (27, 31, 81) മത്സരത്തിന്റെ സവിശേഷത. ഗബ്രിയേല്‍ ജീസസ്, ഒട്ടാമെന്‍ഡി, റഹിം സ്റ്റെര്‍ലിങ് എന്നിവരുടെ വകയാണ് മറ്റു ഗോളുകള്‍.
അഞ്ചുകളിയില്‍ നാലാം ജയം സ്വന്തമാക്കിയ സിറ്റി മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ പിന്തള്ളി 13 പോയന്റുമായി ഒന്നാം സ്ഥാനത്തേക്കു കയറി. നാലു കളിയില്‍ യുണൈറ്റഡിന് 10 പോയന്റുണ്ട്.
പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച നടന്ന കളികളില്‍ സതാംപ്ടണ്‍, ന്യൂകാസില്‍, ബേണ്‍മത്ത് ടീമുകളും വിജയം കണ്ടപ്പോള്‍ ലിവര്‍പൂള്‍ ബേണ്‍ലിയുമായും (1-1) മുന്‍ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റി ഹഡേഴ്സ്ഫീല്‍ഡ് ടൗണുമായും (1-1) വെസ്റ്റ്ബ്രോം വെസ്റ്റ്ഹാമുമായും (0-0) സമനിലപാലിച്ചു. ന്യൂകാസില്‍ സ്റ്റോക് സിറ്റിയെ തോല്പിച്ചപ്പോള്‍ (2-1) ബേണ്‍മത്ത് ബ്രൈറ്റണ്‍ ആന്‍ഡ് ഹോവിനെയും (2-1) സതാംപ്ടണ്‍ ക്രിസ്റ്റല്‍ പാലസിനെയും (1-0) മറികടന്നു.