സന്തോഷ് ട്രോഫി തിരിച്ചുപിടിച്ച കേരളത്തിന്റെ താരങ്ങള്‍ക്ക് സര്‍ക്കാരിന്റെ പാരിതോഷികം


താരങ്ങള്‍ ഓരോരുത്തര്‍ക്കും രണ്ട് ലക്ഷം രൂപ വീതം പാരിതോഷികമായി നല്‍കും

തിരുവനന്തപുരം: സന്തോഷ് ട്രോഫി തിരിച്ചുപിടിച്ച കേരളത്തിന്റെ ചുണക്കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരം. താരങ്ങള്‍ ഓരോരുത്തര്‍ക്കും രണ്ട് ലക്ഷം രൂപ വീതം പാരിതോഷികമായി നല്‍കും. ടീമിലുണ്ടായിരുന്ന 11 പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുന്നേറ്റതാരം കെ.പി രാഹുലിന് സര്‍ക്കാര്‍ വീടുവെച്ച് നല്‍കും. 14 വര്‍ഷത്തിന് ശേഷമാണ് കേരളം സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിടുന്നത്.

അതോടൊപ്പം ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ കേരളത്തിന്റെ താരങ്ങള്‍ക്കും സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. ടീമില്‍ അംഗങ്ങള്‍ക്ക് 1.5 ലക്ഷം രൂപ സമ്മാനമായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. കോഴിക്കോട് വച്ച് നടന്ന ദേശീയ സീനിയര്‍ വോളിയില്‍ കരുത്തരായ റെയില്‍വേസിനെ പരാജയപ്പെടുത്തിയാണ് കേരളം കിരീടം നേടിയത്.

കരുത്തരായ പശ്ചിമ ബംഗാളിനെ തോല്‍പ്പിച്ചാണ് കേരള ടീം സന്തോഷ് ട്രോഫി കിരീടമുയര്‍ത്തിയത്. ഏപ്രില്‍ ആറിന് കേരളത്തിലുടനീളം വിജയദിനമായി ആഘോഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതേ ദിവസം സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ കേരളാ ടീമിന് സ്വീകരണം നല്‍കും. വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സ്വീകരണം.

Content Highlights: Kerala Government Announces Cash Prize For Santosh Trophy Winning Kerala Team

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram