റൊണാള്‍ഡോയ്‌ക്കെതിരായ പീഡന ആരോപണം; ഒടുവില്‍ മൗനം വെടിഞ്ഞ് യുവെന്റ്‌സ്


1 min read
Read later
Print
Share

ഈ സമയത്തെല്ലാം ഫുട്‌ബോള്‍ ലോകം കാത്തിരുന്നത് അദ്ദേഹത്തിന്റെ നിലവിലെ ക്ലബ്ബ് യുവെന്റസിന്റെ പ്രതികരണമായിരുന്നു. സംഭവം വിവാദമായപ്പോഴും ക്ലബ്ബ് മൗനത്തിലായിരുന്നു.

ടൂറിന്‍: യുവെന്റസിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരേ ലൈംഗിക പീഡന ആരോപണവുമായി കഴിഞ്ഞയാഴ്ച യുവതി രംഗത്തെത്തിയത് കായിക ലോകത്തിനാകെ ഞെട്ടലുണ്ടാക്കിയിരുന്നു.

അമേരിക്കന്‍ സ്വദേശിനി കാതറിന്‍ മയോര്‍ഗയാണ് 2009 ജൂണ്‍ 13-ന് ലാസ് വെഗാസിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് റൊണാള്‍ഡോ തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയത്. ഇവരുടെ പരാതിയില്‍ ലാസ് വെഗാസ് പോലീസ് കേസില്‍ പുനരന്വേഷണം ആരംഭിച്ചിരുന്നു.

ഇതിനു പിന്നാലെ റൊണാള്‍ഡോയെ ഉള്‍പ്പെടുത്താതെ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമിനെ പോര്‍ച്ചുഗല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ സമയത്തെല്ലാം ഫുട്‌ബോള്‍ ലോകം കാത്തിരുന്നത് അദ്ദേഹത്തിന്റെ നിലവിലെ ക്ലബ്ബ് യുവെന്റസിന്റെ പ്രതികരണമായിരുന്നു. സംഭവം വിവാദമായപ്പോഴും ക്ലബ്ബ് മൗനത്തിലായിരുന്നു.

എന്നാലിപ്പോഴിതാ റൊണാള്‍ഡോയ്‌ക്കെതിരായ ആരോപണത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ക്ലബ്ബ് അധികൃതര്‍. അദ്ദേഹത്തിന്‍ പിന്തുണയറിയിച്ചാണ് ക്ലബ്ബിന്റെ ട്വീറ്റ്.

'തികഞ്ഞ പ്രൊഫഷണലിസവും സമര്‍പ്പണവും ഉള്ള വ്യക്തിയാണ് റൊണാള്‍ഡോ, ഇത് യുവെന്റസില്‍ ഉള്ള എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന് എന്ന് ആരോപിക്കപ്പെടുന്ന ഒരു സംഭവത്തിന്റെ പേരില്‍ ഈ അഭിപ്രായത്തില്‍ മാറ്റം വരില്ല. റൊണാള്‍ഡോയെ പരിചയമുള്ള എല്ലാവരും പറയുന്ന കാര്യമാണിത്', യുവെന്റസ് ട്വീറ്റ് ചെയ്തു.

ആരോപണം പുറത്തുവന്നതിനു പിന്നാലെ റൊണാള്‍ഡോയുമായി കരാറുള്ള നൈക്കി ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കിലും ഇ.എ സ്‌പോര്‍ട്‌സ് ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. റൊണാള്‍ഡോക്കെതിരേയുള്ള ആരോപണത്തിന്റെ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും ഈ സന്ദര്‍ഭം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഇ.എ വക്താവ് അറിയിച്ചു. രണ്ടു തവണ റൊണാള്‍ഡോ ഇ.എ സ്‌പോര്‍ട്‌സിന്റെ പ്രസിദ്ധ ഗെയിമായ ഫിഫ സീരിസിന്റെ കവര്‍ ചിത്രമായിട്ടുണ്ട്.

Content Highlights: juventus finally break silence on rape allegations against cristiano ronaldo

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram