ബ്യൂണസ് ഏറീസ്: അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ പരിശീലകനായി യോര്‍ഗെ സാംപോളിയെത്തും. പരിശീലകനെ വിട്ടുകൊടുക്കുന്നതില്‍ സ്പാനിഷ് ക്ലബ്ബ് സെവിയയും അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനും പ്രാഥമിക ധാരണയിലെത്തി.
ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് എഡ്വാര്‍ഡോ ബൗസയെ പുറത്താക്കിയ ഒഴിവിലേക്കാണ് മുന്‍ ചിലി പരിശീലകനും അര്‍ജന്റീനക്കാരനുമായ സാംപോളിയെത്തുന്നത്. പരിശീലകനെ വിട്ടുകിട്ടുന്നതിന് 11.5 കോടി രൂപയാണ് നഷ്ടപരിഹാരമായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ സെവിയയ്ക്ക് നല്‍കുന്നത്. ഒരു വര്‍ഷമാണ് ക്ലബ്ബിലുണ്ടായിരുന്നത്.
ലക്ഷ്യം കഠിനം
കളിക്കാരനായിരുന്ന കാലത്ത് ഡിഫന്‍സീഫ് മിഡ്ഫീല്‍ഡിലായിരുന്നു സാംപോളിയുടെ സ്ഥാനം. പ്രതിരോധത്തേക്കാള്‍ ആക്രമണത്തിനാകും പരിശീലകന്‍ മുതിരുന്നത്. കാരണം ആക്രമണമാണ് ഇനിയുള്ളയാത്രയില്‍ സാംപോളിയുടെ നല്ല പ്രതിരോധം.
കടുത്തപരീക്ഷണമാണ് സാംപോളിയെ കാത്തിരിക്കുന്നത്. ജൂണ്‍ ഒമ്പതിന് സൂപ്പര്‍ ക്ലാസിക്കോയില്‍ ബ്രസീലിനെതിരെയാകും ആദ്യ അങ്കം. നെയ്മറടക്കം പ്രമുഖരില്ലാത്ത ടീമിനെയാണ് ബ്രസീല്‍ അണിനിരത്തുന്നത്. എന്നാല്‍ ലോകകപ്പ് യോഗ്യത ഉറപ്പാക്കുകയാണ് തന്ത്രശാലിയായ പരിശീലകന്റെ മുന്നിലുള്ള ആദ്യലക്ഷ്യം.
ലോകകപ്പ് യോഗ്യതാറൗണ്ടില്‍ തപ്പിത്തടഞ്ഞാണ് അര്‍ജന്റീനയുടെ പോക്ക്. നിലവില്‍ അഞ്ചാം സ്ഥാനത്താണ് ടീം. ആദ്യ നാല് സ്ഥാനക്കാരാണ് നേരിട്ട് യോഗ്യത നേടുന്നത്. ബ്രസീല്‍ യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ബാക്കി സ്ഥാനങ്ങള്‍ക്കായി യുറഗ്വായ്, കൊളംബിയ, ചിലി ടീമുകളോടാണ് മത്സരിക്കേണ്ടത്.
യോഗ്യതാ റൗണ്ടില്‍ ചിരവൈരികളായ അര്‍ജന്റീനയോടും ബൊളീബിയയോടും തോറ്റതോടെയാണ് ബൗസ പുറത്തായത്. ഇനിയുള്ള മത്സരങ്ങളില്‍ ജയിച്ചാല്‍ ടീമിന് റഷ്യയിലേക്കുള്ള ടിക്കറ്റ് അനായാസം ഉറപ്പാക്കും. കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ആദ്യമായി യുറഗ്വായ്ക്ക് കിരീടം നേടിക്കൊടുത്തതിന്റെ പെരുമ പരിശീലകനുണ്ട്.
കടുപ്പക്കാരനെന്ന പരിവേഷമുള്ള സാംപോളിക്ക് മെസ്സി അടക്കമുള്ള സൂപ്പര്‍താരങ്ങളെ കൈകാര്യം ചെയ്യുന്നതിലുള്ള മിടുക്കാവും തന്ത്രങ്ങളെക്കാള്‍ ടീമിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമാകുന്നത്. ബൗസയും ജെറാര്‍ഡോ മാര്‍ട്ടീനോയുമൊക്കെ പരാജയപ്പെട്ടതും ഇക്കാര്യത്തിലാണ്. ടീമിന് ഫലമുണ്ടാക്കുന്നതാണ് സാംപോളിയുടെ ചരിത്രം. ഇതിലാണ് ആരാധകരുടെ പ്രതീക്ഷയും.
സ്പാനിഷ് ലാലിഗയില്‍ സെവിയയെ നാലാം സ്ഥാനത്തെത്തിച്ച് ചാമ്പ്യന്‍സ് ലീഗ് ഉറപ്പാക്കിയാണ് സാംപോളി ക്ലബ്ബ് വിടുന്നത്. 52 കളിയില്‍ ക്ലബ്ബിനെ പരിശീലിപ്പിച്ചതില്‍ 26 ജയവും 12 സമനിലയും നേടി. 14 കളിയിലാണ് ടീം തോറ്റത്. ചിലിയെ 43 കളികളില്‍ പരിശീലിപ്പിക്കുകയും 27 ജയവും ഒമ്പത് സമനിലയും നേടിക്കൊടുത്തു. കേവലം ഏഴു കളിയില്‍ മാത്രമാണ് തോറ്റത്.
സാംപോളിയുടെ പരിശീലന കരിയര്‍
2002 -യുവാന്‍ ഔറിച്ച്
2003- സ്പോര്‍ട് ബോയ്സ്
2004-2006- കോറോണല്‍ ബോളോഗ്‌നെസി
2007- സ്പോര്‍ട്ടിങ് ക്രിസ്റ്റല്‍
2008-2009- ഒ ഹിഗിന്‍സ്
2010- എമെല്‍ക്
2010-2012 യൂണിവേഴ്സാദ് ഡി ചിലി
2012-2016-ചിലി
2016-2017- സെവിയ