മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സിറ്റി വിടണമെന്ന ആവശ്യം തുറന്നുപറഞ്ഞ് ഇംഗ്ലണ്ട് താരം ജോ ഹാര്‍ട്ട്. 2006-ല്‍ സിറ്റിയിലെത്തിയ ജോ ഹാര്‍ട്ടിന് നാലു സീസണുകളില്‍ വായ്പാ അടിസ്ഥാനത്തില്‍ മറ്റു ക്ലബ്ബുകള്‍ക്ക് വേണ്ടി കളിക്കാനായിരുന്നു വിധി.
പെപ് ഗ്വാര്‍ഡിയോള സിറ്റി പരിശീലകനായ ശേഷം കഴിഞ്ഞ രണ്ടു സീസണുകളിലായി വായ്പാ അടിസ്ഥാനത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബായ ടോറിനോയ്ക്കും ഇംഗ്ലീഷ് ക്ലബ്ബായ വെസ്റ്റ് ഹാമിനും വേണ്ടിയാണ് ഹാര്‍ട്ട് കളിക്കുന്നത്. ഗ്വാര്‍ഡിയോള ചുമതല ഏറ്റെടുത്ത ശേഷം 2016 ഓഗസ്റ്റ് 13-നാണ് ഹാര്‍ട്ടിനെ ടീമില്‍ നിന്ന് ഒഴിവാക്കുന്നത്.
ഇതിനു പിന്നാലെയാണ് താന്‍ സിറ്റിയില്‍ നിന്ന് പുറത്തു പോകാന്‍ ആഗ്രഹിക്കുന്നതായി ഹാര്‍ട്ട് തന്നെ വ്യക്തമാക്കിയിരിക്കുന്നത്. തനിക്ക് കരിയര്‍ തിരിച്ചുപിടിക്കേണ്ടതുണ്ട്. സ്ഥിരമായി ഒരു ടീമില്‍ കളിക്കണം. ഇനി ലോണ്‍ അടിസ്ഥാനത്തില്‍ മറ്റു ക്ലബ്ബുകള്‍ക്കു വേണ്ടി കളിക്കാന്‍ താല്‍പ്പര്യമില്ല. സ്ഥിരമായി ഒരു ടീമില്‍ കളിക്കാന്‍ സാധിക്കണം. അതിനായി തനിക്ക് സിറ്റിയില്‍ നിന്ന് പുറത്ത് പോകണം, ജോ ഹാര്‍ട്ട് വ്യക്തമാക്കി.
അതേസമയം സിറ്റിയുമായി അദ്ദേഹത്തിന് ഒരു വര്‍ഷത്തെ കരാര്‍ കൂടി ബാക്കിയുണ്ട്. തിബൗട്ട് കുര്‍ട്ടോയ്‌സിനെ റയല്‍ നോട്ടമിട്ടതോടെ ചെല്‍സി ഹാര്‍ട്ടിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
പുറത്തു പോകാന്‍ സാധിച്ചില്ലെങ്കില്‍ വീണ്ടും തനിക്ക് ലോണ്‍ അടിസ്ഥാനത്തില്‍ തന്നെ കളിക്കേണ്ടിവരുമെന്നും ജോ ഹാര്‍ട്ട് ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടു സീസണുകളിലും ഇത്തരത്തില്‍ കളിച്ചത് മികച്ച അനുഭവം തന്നെയായിരുന്നു. എന്നാല്‍ തനിക്ക് ഇനിയെങ്കിലും ഒരു ടീമിന്റെ പ്രധാനതാരമായി നിലനില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ സ്ഥാനം നേടാനും ജോ ഹാര്‍ട്ടിനു സാധിച്ചിരുന്നില്ല. എങ്കിലും ഇനിയും ഇംഗ്ലണ്ട് ദേശീയ ടീമിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
Content Highlights: joe hart desperate to leave champions manchester city