മുംബൈ: ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്ബോളിന്റെ ഉദ്ഘാടനമത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. നായകന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക് മികവില്‍ ചൈനീസ് തായ്പേയിയെ 5-0ത്തിന് തകര്‍ത്തുവിട്ടു. 14, 34, 62 മിനിറ്റുകളില്‍ ഛേത്രി ലക്ഷ്യംകണ്ടു. ഉദാന്ത സിങ് (48), പ്രണോയ് ഹാല്‍ദാര്‍ (78) എന്നിവരും സ്‌കോര്‍ചെയ്തു. രാജ്യത്തിനായി ഛേത്രിയുടെ ആദ്യ ഹാട്രിക്കാണ്.
14-ാം മിനിറ്റിലാണ് ഇന്ത്യയുടെ ഗോള്‍വേട്ട തുടങ്ങിയത്. ഛേത്രിയിലൂടെയാണ് തുടക്കം. ലാല്‍ പെഖുല ബോക്‌സിലേക്ക് തള്ളിക്കൊടുത്ത പന്ത് പിടിച്ചെടുത്ത ഛേത്രിയുടെ ക്ലിനിക്കല്‍ ഫിനിഷ് (10). 34ാം മിനിറ്റില്‍ രണ്ടാം ഗോള്‍ വന്നു. അനിരുദ്ധ ഥാപ്പയും ലാല്‍പെഖുലയും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ പന്ത് ലഭിച്ച ഛേത്രി ഇത്തവണയും പിഴവുകളില്ലാതെ ലക്ഷ്യംകണ്ടു (20).
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇന്ത്യ മൂന്നാം ഗോള്‍ നേടി. പന്തുമായി ബോക്‌സിലേക്ക് കയറിയ ഉദാന്തസിങ് എതിര്‍ പ്രതിരോധനിരയെ വെട്ടിച്ച് അനായാസം ലക്ഷ്യംകണ്ടു (30). 62ാം മിനിറ്റില്‍ ഛേത്രി ഹാട്രിക് തികച്ചു. ഥാപ്പ നല്‍കിയ പാസില്‍നിന്ന് ക്ലോസ് റേഞ്ചില്‍നിന്നുള്ള ഷോട്ട് തായ്പേയ് വലകുലുക്കി. 78-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്നുള്ള ലോങ് റേഞ്ചറിലൂടെ പ്രണോയ് ഹാല്‍ദാര്‍ പട്ടിക തികച്ചു. തിങ്കളാഴ്ച കെനിയയ്‌ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Content Highlights: Intercontinental Cup India thrash Chinese Taipei in opener