അഹമ്മദാബാദ്: താജിക്കിസ്താനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ഉത്തര കൊറിയ മൂന്നാമത് ഹീറോ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് കിരീടം സ്വന്തമാക്കി.
വെള്ളിയാഴ്ച നടന്ന ഫൈനലില്‍ ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 71-ാം മിനിറ്റിലാണ് ഉത്തര കൊറിയ വിജയഗോള്‍ കണ്ടെത്തിയത്. പകരക്കാരനായി ഇറങ്ങിയ പാക് ഹയോണാണ് കൊറിയയുടെ വിജയഗോള്‍ നേടിയത്. പകരക്കാരനായി ഇറങ്ങി അടുത്ത നിമിഷം തന്നെ ഹയോണ്‍ സ്‌കോര്‍ ചെയ്തു.
ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു വീതം വിജയങ്ങളുമായാണ് ഇരു ടീമും ഫൈനലിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോഴും വിജയം ഉത്തര കൊറിയക്കായിരുന്നു.
മൂന്നു ഗോളുകള്‍ സ്‌കോര്‍ ചെയ്ത കൊറിയന്‍ ക്യാപ്റ്റന്‍ ജോങ് ഖ്വാനാണ് ടൂര്‍ണമെന്റിന്റെ താരം.
Content Highlights: Intercontinental Cup 2019 DPR Korea beat Tajikistan