മുംബൈ: ത്രിരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ ശനിയാഴ്ച മൗറീഷ്യസിനെ നേരിടും. രാത്രി എട്ട് മണിക്ക് മുംബൈ ഫുട്ബോള്‍ അറീനയിലാണ് മത്സരം. സെയ്ന്റ് കീറ്റ്സ് ആന്‍ഡ് നെവിസാണ് ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീം. എ.എഫ്.സി. കപ്പ് കളിക്കുന്നതിന് വേണ്ടി ബെംഗളൂരു എഫ്.സി.യ്ക്കൊപ്പമുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ അസാന്നിധ്യത്തില്‍ പ്രതിരോധ താരം സന്ദേശ് ജിംഗാനാണ് ടീമിനെ നയിക്കുക.
എ.എഫ്.സി. ഏഷ്യന്‍ കപ്പ് യോഗ്യത റൗണ്ടില്‍ മക്കാവുവിനെ നേരിടുന്നതിന് മുന്നോടിയായാണ് ഇന്ത്യ ത്രിരാഷ്ട്ര ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. അണ്ടര്‍-23 കളിക്കുന്ന പത്ത് താരങ്ങളെ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റയ്ന്‍ ടീമിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
മലയാളികളായ അനസ് എടത്തൊടികയും ടി.പി. രഹനേഷും ടീമിലുണ്ട്. കഴിഞ്ഞ 15 മത്സരങ്ങളില്‍ 13 എണ്ണത്തിലും ഇന്ത്യ ജയിച്ചിരുന്നു. സെപ്റ്റംബര്‍ അഞ്ചിനാണ് എ.എഫ്.സി. കപ്പില്‍ ഇന്ത്യ മക്കാവുവിനെ നേരിടുന്നത്. ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ വിജയം നേടാനായാല്‍ ടീമിന്റെ ആത്മവിശ്വാസമുയരും.
പ്രതിരോധനിരയെ അഭിനന്ദിച്ച് ജിംഗാന്‍
ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പ്രതിരോധ നിരയെ അഭിനന്ദിച്ച് നായകന്‍ സന്ദേശ് ജിംഗാന്‍. കഴിഞ്ഞ് എട്ട് മത്സരങ്ങളില്‍ അഞ്ചിലും ഗോള്‍ വഴങ്ങിയില്ലെന്നും ഇത് ടീമിന്റെ കൂട്ടായ്മയുടെ ഫലമാണെന്നും ജിംഗാന്‍ പറഞ്ഞു. അനസ് എടത്തൊടികയുമായി മികച്ച ബന്ധമാണുള്ളത്. അത് ഗ്രൗണ്ടില്‍ പ്രതിഫലിക്കുന്നുമുണ്ട്.
എന്നാല്‍, പ്രതിരോധത്തിലെ മികച്ച പ്രകടനം അനസിന്റെയും എന്റെയും മാത്രം മികവ് കൊണ്ടല്ല. പ്രിതം കൊട്ടാല്‍, നാരായണ്‍ ദാസ്, ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു എന്നിവരുടെ പങ്ക് വലുതാണ്. ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുകയും ഒരുമിച്ച് കളിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നവരാണ് -ജിംഗാന്‍ കൂട്ടിച്ചേര്‍ത്തു.