യൂറോപ്പില്‍ പുതിയ പോരാട്ടം; യൂറോപ്യന്‍ നാഷന്‍സ് ലീഗ് ഫുട്ബോള്‍ ഇന്നുമുതല്‍


1 min read
Read later
Print
Share

ആദ്യമത്സരത്തില്‍ ഫ്രാന്‍സ് ജര്‍മനിക്കെതിരേ. യൂറോപ്പിലെ 55 രാജ്യങ്ങള്‍ പങ്കെടുക്കും. ഫൈനല്‍ 2019 ജൂണില്‍

ലണ്ടന്‍: യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഫുട്ബോളില്‍ കരുത്തുകാട്ടാന്‍ വ്യാഴാഴ്ചമുതല്‍ പുതിയൊരു വേദി. യൂറോപ്യന്‍ ഫുട്ബോള്‍ സംഘടനയില്‍ (യുവേഫ) അംഗങ്ങളായ മുഴുവന്‍ രാജ്യങ്ങളും പങ്കെടുക്കുന്ന യൂറോപ്യന്‍ നാഷന്‍സ് ലീഗ് ഫുട്ബോളിന് വ്യാഴാഴ്ച തുടക്കം. ആദ്യദിനം, ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ് മ്യൂണിക് സ്റ്റേഡിയത്തില്‍ മുന്‍ചാമ്പ്യന്‍മാരായ ജര്‍മനിയെ നേരിടുമ്പോള്‍ ചെക്ക് റിപ്പബ്ലിക് യുക്രൈനുമായും വെയ്ല്‍സ് അയര്‍ലന്‍ഡുമായും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 12.15-നാണ് ഫ്രാന്‍സ്-ജര്‍മനി മത്സരം.

ടൂര്‍ണമെന്റ് ഒരു വര്‍ഷം

ഏറെക്കാലത്തെ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്. ഫുട്ബോള്‍ രാഷ്ട്രങ്ങള്‍ക്കിടയിലെ സൗഹൃദമത്സരങ്ങള്‍ക്കുപകരം ഒരു ടൂര്‍ണമെന്റായി നടത്താനാണ് തീരുമാനം. യുവേഫയില്‍ പൂര്‍ണ അംഗത്വമുള്ള 55 രാജ്യങ്ങളും ടൂര്‍ണമെന്റില്‍ പങ്കെടുക്കും. പ്രാഥമിക ഘട്ടം സെപ്റ്റംബര്‍മുതല്‍ നവംബര്‍വരെയായി നടക്കും. 2019 ജൂണ്‍ ആദ്യവാരം സെമിഫൈനലും അവസാന വാരം ഫൈനലും നടക്കും. രണ്ടുവര്‍ഷത്തിലൊരിക്കലാണ് നാഷന്‍സ് ലീഗ് നടക്കുക.

2020-ലെ യൂറോകപ്പിന്റെ യോഗ്യതാ മത്സരമായും ഇതിനെ പരിഗണിക്കും .

മത്സരം നാലു തട്ടുകളായി

എ, ബി, സി, ഡി എന്നീ നാലു ഗ്രൂപ്പുകളായിട്ടാണ് മത്സരം. ഇതിനെ ലീഗുകള്‍ എന്നുവിളിക്കും. എ, ബി ലീഗുകളില്‍ 12 ടീമുകള്‍ വീതവും സിയില്‍ 15 ടീമും ഡിയില്‍ 16 ടീമുകളുമുണ്ടാകും. ലോകറാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ യൂറോപ്പിലെ മുന്‍നിര ടീമുകള്‍ ലീഗ് എയില്‍ വരും. ജര്‍മനി, പോര്‍ച്ചുഗല്‍, ബെല്‍ജിയം സ്പെയിന്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഇറ്റലി തുടങ്ങിയ ടീമുകളെല്ലാം ലീഗ് എയിലാണ്. റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ കടുപ്പം കുറഞ്ഞ ടീമുകള്‍ യഥാക്രമം ബി, സി, ഡി ലീഗുകളില്‍ വരും.

ഓരോ ലീഗിലും നാലു ഗ്രൂപ്പുകളുണ്ടാകും. എ ലീഗിലെ നാലു ഗ്രൂപ്പിലെയും ജേതാക്കളാണ് സെമിഫൈനലിലെത്തുക. ഓരോ ഗ്രൂപ്പിലെയും അവസാന സ്ഥാനക്കാര്‍ സീസണ്‍ കഴിയുമ്പോള്‍ തൊട്ടുതാഴെയുള്ള ലീഗിലേക്ക് തരംതാഴ്ത്തപ്പെടും. ഓരോ ഗ്രൂപ്പിലേയും ജേതാക്കള്‍ തൊട്ടുമുന്നിലെ ഗ്രൂപ്പിലേക്ക് മുന്നേറും.

ജേതാവ് എ ഗ്രൂപ്പില്‍നിന്ന്

എ ഡിവിഷനിലെ നാലു ഗ്രൂപ്പിലെയും ജേതാക്കളാണ് സെമിഫൈനലിലെത്തുക. അതുകൊണ്ടുതന്നെ നാഷന്‍സ് ലീഗ് ജേതാക്കളും എ ഗ്രൂപ്പില്‍നിന്ന് മാത്രമായിരിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram