'യൂറോപ്പിലോ ലാറ്റിനമേരിക്കയിലോ ജനിച്ചിരുന്നെങ്കില്‍ ലോകമറിയുന്ന ഫുട്‌ബോള്‍ താരമാകുമായിരുന്നു ഐ.എം വിജയന്‍.' 1995 നവംബര്‍ 25-ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഒരു നിമിഷം ഗാലറിയെ നിശ്ചലമാക്കി ഐ.എം വിജയന്‍ നേടിയ ആ സിസര്‍കട്ട് ഗോളിന്റെ ചിത്രം കണ്ട് പുതുതലമുറയിലെ ഫുട്‌ബോള്‍ പ്രേമികള്‍ പറയുന്ന കമന്റ് ആണിത്. ഇന്ന് ആ അദ്ഭുത ഗോളിന് 24 വര്‍ഷം പൂര്‍ത്തിയാകുന്നു, ഒപ്പം മാതൃഭൂമി ഫോട്ടോഗ്രാഫര്‍ കെ. വല്‍സകുമാര്‍ പകര്‍ത്തിയ ആ നിമിഷത്തിന്റെ ചിത്രത്തിനും.
ഐ.എം വിജയന്റെ ആ ഗോള്‍ നേരില്‍ കണ്ട മാതൃഭൂമിയുടെ ചീഫ് സബ് എഡിറ്റര്‍ കെ.വിശ്വനാഥ് ആ നിമിഷത്തെ കുറിച്ച് എഴുതുന്നു..
നേരത്തെ കേരളാ പോലീസിലും ബഗാനിലുമായി മാറി മാറി കളിച്ചിരുന്ന വിജയന്‍ ഇത്തവണ ഫഗ്വാരയിലെ ജെ.സി.ടി മില്‍സിനു വേണ്ടിയായിരുന്നു ജഴ്സയണിഞ്ഞത്. വിജയനും കൂട്ടുകാരനായ ജോപോള്‍ അഞ്ചേരിയും ഉള്‍പ്പെട്ട ജെ.സി.ടി, സിസേഴ്സ് കപ്പിന്റെ ഫൈനലില്‍ എത്തി. കലാശപ്പോരാട്ടത്തില്‍ പ്രതിയോഗികള്‍ മലേഷ്യയില്‍ നിന്നുള്ള കരുത്തരായ പെര്‍ലിസ് ക്ലബ്ബായിരുന്നു. വിജയന്റെ സിസര്‍ (കത്രിക) കിക്കില്‍ നിന്ന് ജേതാക്കളെ നിര്‍ണയിച്ച നിര്‍ണായകമായ ഗോള്‍ പിറക്കുന്നത് നേരില്‍ കാണാനുള്ള സൗഭാഗ്യവും എനിക്കുണ്ടായി
പത്രപ്രവര്‍ത്തകനായി ജോലിയില്‍ പ്രവേശിച്ച് അധികനാള്‍ കഴിയും മുമ്പായിരുന്നു സിസേഴ്സ് കപ്പ്. പ്രധാനപ്പെട്ട അന്താരാഷ്ട്ര ടൂര്‍ണമെന്റ് കവര്‍ ചെയ്യാനൊന്നും അവസരം കിട്ടിതുടങ്ങിയിരുന്നില്ല. പക്ഷെ, സ്പോര്‍ട്സ് ജേണലിസത്തിലെ ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ മീഡിയാ ഗ്യാലറിയില്‍ ഒരു ഇരിപ്പിടം എനിക്കും കിട്ടി. വിജയന്റെ ഗോള്‍ ഒരു മാജിക്കായിരുന്നു. ആ ഗോള്‍ വീണപ്പോള്‍ ജടപിടിച്ച തലമുടി കാറ്റിലിളക്കി പൊട്ടിച്ചിരിക്കുന്ന ഉന്‍മാദിയെ പോലെ ഗ്യാലറികള്‍ ഇളകിയാടുന്നത് ഞാനവിടെയിരുന്നു കണ്ടു.
വായുവില്‍ സമാന്തരമായി തങ്ങിക്കിടന്ന് കാലുകൊണ്ട് പിറകോട്ട് ഗോള്‍പോസ്റ്റിനകത്തേക്ക് വിജയന്‍ പന്തടിച്ചു കയറ്റിയ നിമിഷം, ആ ഗോളിന്റെ സൗന്ദര്യം മുഴുവനായങ്ങ് ആസ്വദിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നതായിരുന്നു എന്റെ ദു:ഖം. പക്ഷെ, അടുത്ത ദിവസത്തെ മാതൃഭൂമി പത്രത്തില്‍ കെ വല്‍സകുമാര്‍ എന്ന ഫോട്ടോഗ്രാഫര്‍ തന്റെ ക്യാമറയില്‍ ഒപ്പിയെടുത്ത ദൃശ്യം അച്ചടിച്ചത് കണ്ടപ്പോള്‍ അത് പകുതി മാറി. വായുവില്‍ മലര്‍ന്ന് കിടന്ന് പന്ത് കാലുകൊണ്ട് അടിച്ച് നിലത്തേക്ക് കൈകുത്തി പതിക്കുന്ന കൃത്യസമയത്തായിരുന്നു വല്‍സകുമാറിന്റെ ക്ലിക്ക്. വിജയന്‍ ആരാണെന്ന് ശരിക്കും മനസ്സിലാക്കി തന്ന ഫോട്ടോ ആയിരുന്നു അത്.
Content Highlights: IM Vijayan scissor cut goal 24 years football