ഐ.എം.വിജയന്റെ തോളില്‍ കൈചേര്‍ത്തു നില്‍ക്കുന്ന ചിത്രമാണ് കുലോത്തുംഗന്‍ ഫേസ്ബുക്ക് പേജില്‍ പ്രൊഫൈലായി ചേര്‍ത്തിരിക്കുന്നത്. ആ ചിത്രം ഇനി മാറില്ല. ഫുട്ബോളിനോടും വിജയനോടുമുള്ള സ്നേഹത്തിന്റെ അടയാളമായ ആ ചിത്രം മാറ്റാന്‍ ഇനി കുലോത്തുംഗനില്ല. ശനിയാഴ്ച പുലര്‍ച്ചെ ബൈക്ക് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ കുലോത്തുംഗന് കേരളത്തോടും മലയാളി ഫുട്ബോള്‍ താരങ്ങളോടും അത്രയും അടുത്ത ബന്ധമുണ്ടായിരുന്നു.
കരുത്തായിരുന്നു കുലോത്തുംഗന് കളിക്കളത്തില്‍ ശക്തി. ഈസ്റ്റ് ബംഗാളിനും മോഹന്‍ബഗാനുമൊക്കെയായി കൊല്‍ക്കത്തയില്‍ കളിച്ചപ്പോഴും തമിഴ്നാടിനായി സന്തോഷ് ട്രോഫി കളിച്ചപ്പോഴും പ്രദര്‍ശിപ്പിച്ച ആ കരുത്ത് കേരള ടീമായ എഫ്.സി. കേരളയ്ക്കുവേണ്ടിയും കുലോത്തുംഗന്‍ പുറത്തെടുത്തു. ക്ലബ്ബിന് കളിക്കുമ്പോഴും സംസ്ഥാനത്തിന് കളിക്കുമ്പോഴും പരമാവധി അധ്വാനമായിരുന്നു എന്നും കുലോത്തുംഗന്റെ മുഖമുദ്ര. ബൈക്കപകടത്തിന്റെ രൂപത്തില്‍ മരണം കുലോത്തുംഗനെ കവര്‍ന്നെടുക്കുമ്പോഴും ഫുട്ബോള്‍ പ്രേമികളുടെ മനസ്സില്‍ മായാതെ അയാളുടെ കരുത്താര്‍ന്ന ഫുട്ബോള്‍ ബാക്കിയുണ്ടാകും.
സെന്‍ട്രല്‍ ഹാഫ് എന്ന പൊസിഷനില്‍ അപാരമായ കളിമികവുമായാണ് കാലിയ കുലോത്തുംഗന്‍ എന്ന തമിഴ്നാട്ടുകാരന്‍ ഇന്ത്യന്‍ ഫുട്ബോളില്‍ ശ്രദ്ധേയനായത്. കൊല്‍ക്കത്ത ക്ലബ്ബുകളായ ഈസ്റ്റ് ബംഗാളിനും മോഹന്‍ബഗാനും മുഹമ്മദന്‍സിനും വേണ്ടി കളിച്ചിട്ടുള്ള കുലോത്തുംഗന്‍ എല്ലായിടത്തും തന്റെ പേര് രേഖപ്പെടുത്തി. ഈസ്റ്റ് ബംഗാള്‍ ആസിയാന്‍ ക്ലബ്ബ് ഫുട്ബോളില്‍ ചാമ്പ്യന്‍മാരാകുമ്പോള്‍ ബെച്ചുങ് ബൂട്ടിയ, രാമന്‍ വിജയന്‍ എന്നിവര്‍ക്കൊപ്പം ടീമിലുണ്ടായിരുന്നു.
ഈസ്റ്റ്ബംഗാളിനും മോഹന്‍ബഗാനും കളിച്ച ശേഷം 2010-ല്‍ വിവ കേരളയില്‍ കളിക്കാനെത്തി. രണ്ടുവര്‍ഷം കേരള ക്ലബ്ബിന്റെ കുപ്പായത്തില്‍ പന്തു തട്ടി. പിന്നെ ആറുവര്‍ഷം ഭവാനിപൂര്‍ എഫ്.സി.യിലായിരുന്നു. ഇതിനിടെ 2007 മുതല്‍ രണ്ടു വര്‍ഷം മുംബൈ എഫ്.സി.യില്‍ കളിച്ച കുലോത്തുംഗന്‍ അവരെ ഒന്നാം ഡിവിഷനിലേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
ഫുട്ബോള്‍ കളത്തിന് പുറത്തും കുലോത്തുംഗന് കേരളവുമായി നല്ല സൗഹൃദമുണ്ടായിരുന്നു. ഇന്ത്യയുടെ മുന്‍ താരങ്ങളായ െഎ.എം. വിജയനും എം.സുരേഷിനുമൊപ്പം ഈസ്റ്റ് ബംഗാളില്‍ ഒന്നിച്ചുകളിച്ചതിലൂടെ പിറന്ന മലയാളസൗഹൃദം മരണംവരെ കുലോത്തുംഗന്‍ കാത്തുസൂക്ഷിച്ചു. ''ഒരിക്കലും മറക്കാനാകാത്ത കൂട്ടുകാരനാണ് കുലോത്തുംഗന്‍. 'കുലോ' എന്നാണ് അവനെ ഞങ്ങള്‍ സ്‌നേഹപൂര്‍വം വിളിച്ചിരുന്നത്. എന്റെ വീട്ടിലെ പ്രിയപ്പെട്ട സന്ദര്‍ശകരായിരുന്നു അവനും കുടുംബവും. ഞാന്‍ തിരക്കിലായ സമയത്ത് എന്റെ കുടുംബവും അവന്റെ കുടുംബവുമൊക്കെ ഒരുമിച്ചാണ് സിനിമ കാണാനൊക്കെ പോയിരുന്നത്. എനിക്കൊപ്പവും എനിക്കെതിരായും അവന്‍ കളിച്ചിട്ടുണ്ട്. എവിടെയായാലും എപ്പോഴായിരുന്നാലും അവന്‍ കരുത്തനായ ഒരു പോരാളിയായിരുന്നു...'' ഐ.എം. വിജയന്‍ ഓര്‍ക്കുന്നു.
Content Highlights: IM Vijayan Remembers Kalia Kulothungan Indian Footballer