കോഴിക്കോട്: ഗോകുലം കേരളാ എഫ്.സി.ക്ക് ഡ്യൂറന്‍ഡ് കപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍ മാര്‍കസ് ജോസഫിനെ അഭിനന്ദിക്കാന്‍ ഇന്ത്യന്‍ ഇതിഹാസം ഐ.എം. വിജയനെത്തി. ഗോകുലത്തിന്റെ ആസ്ഥാനമായ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലായിരുന്നു ട്രിനിഡാഡുകാരനായ മാര്‍കസും വിജയനും തമ്മിലുള്ള കൂടിക്കാഴ്ച.
നീണ്ട 22 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഡ്യൂറന്‍ഡ് കപ്പില്‍ കേരള ക്ലബ്ബ് ചാമ്പ്യന്‍മാരാവുന്നത്. വിജയന്റെ നായകത്വത്തില്‍ എഫ്.സി. കൊച്ചിന്‍ ടീമാണ് 1997-ല്‍ ലോകത്തെ ഏറ്റവും പഴക്കമേറിയ ടൂര്‍ണമെന്റുകളിലൊന്നായ ഡ്യൂറന്‍ഡ് കപ്പ് ആദ്യമായി കേരളത്തിലെത്തിച്ചത്.
അന്നത്തെ കൊച്ചി ടീമിന്റെ വിജയത്തിലും ഗോകുലത്തിന്റെ വിജയത്തിലും സമാനതകളേറെയാണ്. വിജയന്റെ ടീമും ബഗാനെയാണ് ഫൈനലില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് കീഴടക്കിയത്. വിജയനും രാമന്‍ വിജയനും ഫ്രൈഡെ ഇലാഹോയുമായിരുന്നു സ്‌കോറര്‍മാര്‍. ഒമ്പതു ഗോളുമായി വിജയന്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററുമായി. ഗോകുലത്തിനായി ഇത്തവണ മാര്‍കസ് 11 ഗോളുകളാണ് അടിച്ചുകൂട്ടിയത്. ബഗാനെതിരായ ഫൈനലില്‍ രണ്ടു ഗോളും ടോപ് സ്‌കോററായ ട്രിനിഡാഡ് താരത്തിന്റെ ബൂട്ടില്‍നിന്നായിരുന്നു. സെമിയില്‍ ഈസ്റ്റ് ബംഗാളിനെതിരേ സമനില ഗോളും മാര്‍കസിന്റെ വകയായിരുന്നു.
കൊല്‍ക്കത്തയില്‍ ഈസ്റ്റ്ബംഗാളിനെതിരെയും മോഹന്‍ ബഗാനെതിരെയും വിജയം നേടുകയെന്നത് നിസ്സാരകാര്യമല്ലെന്ന് വിജയന്‍ പറഞ്ഞു. മാര്‍കസ് മികച്ച സ്ട്രൈക്കറാണ്. ഗോളടിക്കുക മാത്രമല്ല കൂട്ടുകാര്‍ക്ക് പന്തെത്തിക്കുന്നതിലും മാര്‍കസ് മിടുക്കുകാട്ടുന്നു. ഈ ഫോം തുടര്‍ന്നാല്‍ ഐ ലീഗിലും ഗോകുലത്തിന് മികച്ച സാധ്യതയുണ്ട്. വിജയന്‍ ചൂണ്ടിക്കാട്ടി. വിജയനെപ്പോലുള്ള ഇതിഹാസ താരത്തിന്റെ അഭിനന്ദനം ഏറെ പ്രചോദനം നല്‍കുന്നതാണെന്ന് മാര്‍കസ് പറഞ്ഞു.
Content Highlights: IM Vijayan meets Marcus Jospeh Gokulam FC Durand Cup