ടൂറിന്‍: മുപ്പതു വയസ്സു കഴിഞ്ഞാല്‍ വലിയ ക്ലബ്ബുകള്‍ വിട്ട് ഉയര്‍ന്ന തുകയ്ക്ക് ചൈനയിലേയ്ക്കും ഖത്തറിലേയ്ക്കും പോകുന്ന കളിക്കാരില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ് താനെന്ന് ക്രിസ്റ്റിയാനൊ റൊണാള്‍ഡോ. റയല്‍ മാഡ്രിഡ് വിട്ട് പുതിയ ക്ലബ്ബായ യുവെന്റസില്‍ ചേര്‍ന്ന ശേഷം ടൂറിനില്‍ നടന്ന അവതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റൊണാള്‍ഡോ. സ്വതസിദ്ധമായ ശൈലിയില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു അഞ്ചു തവണ ബാലണ്‍ ദ്യോര്‍ ജേതാവായ റൊണാള്‍ഡോയുടെ പ്രതികരണം.
''ഈ പ്രായത്തില്‍ കരിയര്‍ ഏറെക്കുറെ അവസാനിച്ചു എന്നു കരുതുന്ന താരങ്ങളെ പോലെയല്ല ഞാന്‍. വ്യത്യസ്തനാണെന്ന് എനിക്ക് കാണിച്ചുകൊടുക്കണം'', 33-കാരനായ പോര്‍ച്ചുഗീസ് നായകന്‍ പറഞ്ഞു. മിക്കവാറും ചൈന, ഖത്തര്‍ ലീഗുകളിലേക്കാണ് തന്റെ ഈ പ്രായത്തിലുള്ള കളിക്കാര്‍ പോകാറുള്ളത്. എന്നാല്‍ കരിയറിന്റെ ഈ ഘട്ടത്തില്‍ ഒരു പ്രധാന ക്ലബ്ബിലേക്ക് പോകുന്നത് തന്നെ സംബന്ധിച്ച് ഏറെ സന്തോഷം തരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞയാഴ്ചയാണ് റയലില്‍ നിന്ന് 845 കോടി രൂപയ്ക്ക് റൊണാള്‍ഡോയെ ഇറ്റാലിയന്‍ ക്ലബ് യുവെന്റസ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. യുവെയുമായി നാലു വര്‍ഷത്തേക്കാണ് റൊണാള്‍ഡോയുടെ കരാര്‍. ഓരോ സീസണിലും240 കോടി രൂപയാണ് പ്രതിഫലം.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രണ്ടു തവണ ഫൈനലിലെത്തിയിട്ടും ചാമ്പ്യന്‍സ് ലീഗ് യുവെന്റസിന് കിട്ടാക്കനിയാണ്. റൊണാള്‍ഡോ ഇതിന് ഒരു അറുതിവരുത്തുമെന്ന കണക്കുകൂട്ടലിലാണ് യുവെന്റസ്. ആഭ്യന്തരലീഗിലെ നാലു ഇരട്ടകിരീടങ്ങളടക്കം തുടര്‍ച്ചയായ എട്ടാം സീരി എ കിരീടം ലക്ഷ്യമിടുന്ന യുവെക്ക് പക്ഷേ ഈ ഇറ്റാലിയന്‍ ആധിപത്യം യൂറോപ്യന്‍ മണ്ണില്‍ ആവര്‍ത്തിക്കാന്‍ കഴിയാറില്ല.
1996-നു ശേഷം ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടമെന്നത് യുവെയ്ക്ക് സ്വപ്‌നമായി അവശേഷിക്കുകയാണ്. ഇതിനിടെ രണ്ടുതവണ ഫൈനലിലെത്തിയെങ്കിലും 2015-ല്‍ ബാഴ്‌സലോണയോടും 2017-ല്‍ റൊണാള്‍ഡോയുടെ തന്നെ മുന്‍ ക്ലബ്ബായ റയലിനോടും തോല്‍ക്കാനായിരുന്നു യുവെന്റസിന്റെ വിധി.
എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യമിട്ട് മാത്രമല്ല കളിക്കുന്നതെന്നായിരുന്നു റൊണാള്‍ഡോയുടെ പ്രതികരണം. ഇറ്റാലിയന്‍ കിരീടവും മറ്റ് ട്രോഫികളും ഇതില്‍ ഉള്‍പ്പെടും. ചാമ്പ്യന്‍സ് ലീഗ് നേടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അതിനായി കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്നും റൊണാള്‍ഡോ വ്യക്തമാക്കി. ഇക്കാര്യത്തില്‍ യുവെയെ സഹായിക്കാനാകുമെന്നു തന്നെയാണ് വിശ്വാസമെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
Content Highlights: im not like others says ronaldo at juve unveiling