ജയിച്ചാല്‍ ഞാനവര്‍ക്ക് ജര്‍മന്‍കാരന്‍, തോറ്റാല്‍ വെറും കുടിയേറ്റക്കാരനും


3 min read
Read later
Print
Share

മറ്റു പലരെയും പോലെ ഒന്നിലേറെ രാജ്യത്ത് കുടുംബവേരുകളുള്ള ആളാണ് താനും. താന്‍ വളര്‍ന്നത് ജര്‍മനിയിലാണ്, എന്റെ കുടുംബത്തിന്റെ വേരുകളുള്ളത് തുര്‍ക്കിയിലും.

ബെര്‍ലിന്‍: ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ മെസ്യുട്ട് ഓസില്‍ രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത് ഫുട്‌ബോള്‍ ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തെ ഈ തീരുമാനത്തിലേക്ക് നയിച്ച സാഹചര്യമാണ് അതിലേറെ ചര്‍ച്ചയാകുന്നത്.

ജര്‍മനിക്കായി ഇനി ബൂട്ടണിയാന്‍ താല്‍പ്പര്യമില്ലെന്ന് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് ഓസില്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. കടുത്ത വംശീയാധിക്ഷേപങ്ങളും അവഹേളനങ്ങളും കാരണമാണ് തനിക്ക് ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

റഷ്യന്‍ ലോകകപ്പിന് മുമ്പ് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗനൊപ്പം ഓസില്‍ ഫോട്ടോക്ക് പോസ് ചെയ്തത് രാജ്യത്തിനകത്തും പുറത്തും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ ചിത്രത്തിന്റെ പേരില്‍ കടുത്ത ആക്രമണങ്ങളാണ് അദ്ദേഹത്തിനും കുടുംബത്തിനും നേരിടേണ്ടി വന്നത്.

തനിക്കും കുടുംബത്തിനും നിരവധി വെറുപ്പുളവാക്കുന്ന മെയിലുകള്‍, ഭീഷണി ഫോണുകള്‍, സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള അവഹേളനം എന്നിവ നേരിടേണ്ടി വന്നതായി ഓസില്‍ പ്രസ്താവനയില്‍ പറയുന്നു.

തുര്‍ക്കിയില്‍ കുടുംബ വേരുകളുള്ള ഓസില്‍, എര്‍ദോഗനൊപ്പം ഫോട്ടോയ്ക്ക് പോസ്‌ചെയ്തതിനു പിന്നാലെ ജര്‍മനിക്കായി കളിക്കുമ്പോള്‍ അദ്ദേഹത്തിന് എത്രത്തോളം ആത്മാര്‍ഥത കാണിക്കാന്‍ കഴിയുമെന്ന തരത്തിലായിരുന്നു ചോദ്യങ്ങള്‍.

ഇതിലെല്ലാം അസ്വസ്ഥനായ ഓസില്‍ കടുത്ത ഹൃദയവേദനയോടെയാണ് താന്‍ ഈ കടുത്ത തീരുമാനമെടുക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷനെതിരെ (ഡി.എഫ്.ബി) കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഓസിലിന്റെ പടിയിറക്കം. തനിക്കെതിരെ ഉണ്ടായ കടുത്ത വിമര്‍ശനങ്ങളെ ഒന്ന് പ്രതിരോധിക്കാന്‍ പോലും ഡി.എഫ്.ബി ശ്രമിച്ചില്ലെന്ന് ഓസില്‍ ആരോപിച്ചു.

ഡി.എഫ്.ബി പ്രസിഡന്റ് റിച്ചാര്‍ഡ് ഗ്രിന്‍ഡലിനെ ലക്ഷ്യംവെച്ചുള്ളതായിരുന്നു ഓസിലിന്റെ വാക്കുകള്‍. കുറച്ച് മാസങ്ങളായി ഡി.എഫ്.ബിയില്‍ നിന്ന് മോശം പെരുമാറ്റമാണ് തനിക്ക് നേരിടേണ്ടി വന്നിട്ടുള്ളതെന്ന് അദ്ദേഹം തുറന്നടിച്ചു. പ്രത്യേകിച്ചും പ്രസിഡന്റ് റിച്ചാര്‍ഡ് ഗ്രിന്‍ഡലില്‍ നിന്ന്.

എര്‍ദോഗനൊപ്പമുള്ള ചിത്രം വിവാദമായതിനു ശേഷം ഗ്രിന്‍ഡലും കോച്ച് യോക്കിം തന്നോട് ഒരു സംയുക്ത പ്രസ്താവനയിറക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തന്റെ പാരമ്പര്യവും വംശാവലിയുമാണ് ആ ചിത്രത്തിന് പിന്നിലുള്ളതെന്ന് അപ്പോള്‍ തന്നെ ഗ്രിന്‍ഡലിനോട് പറഞ്ഞിരുന്നു. എന്നാല്‍ തന്റെ വാക്കുകളെ അദ്ദേഹം നിസാരമായി തള്ളി. ഗ്രിന്‍ഡലിന് അദ്ദേഹത്തിന്റെ രാഷ്ട്രീയം മാത്രമായിരുന്നു താല്‍പ്പര്യം.

ലോകകപ്പിലെ പുറത്താകലിലും കുറ്റപ്പെടുത്തിയത് തന്നെ മാത്രം. ഇനി ഗ്രിന്‍ഡലിന്റെ കഴിവില്ലായ്മയ്ക്ക് ബലിയാടാകാന്‍ താല്‍പ്പര്യമില്ലെന്നു പറഞ്ഞാണ് ഓസില്‍ ഇനി ജര്‍മനിക്കായി ബൂട്ടുകെട്ടാനില്ലെന്ന് അറിയിച്ചത്.

''ഗ്രിന്‍ഡലിന്റെ കണ്ണിലും ജര്‍മന്‍ ആരാധകരുടെ കണ്ണിലും ഞങ്ങള്‍ (ടീം) വിജയിക്കുമ്പോള്‍ മാത്രമാണ് ഞാനൊരു ജര്‍മന്‍കാരനാകുന്നത്. പരാജയപ്പെടുമ്പോള്‍ ഞാനവര്‍ക്ക് വെറുമൊരു കുടിയേറ്റക്കാരനാണ് ''.

എര്‍ദോഗനൊപ്പമുള്ള ചിത്രം തന്നെ സംബന്ധിച്ച് ഒരു രാഷ്ട്രീയ നിലപാടോ തെരഞ്ഞെടുപ്പ് നയപ്രഖ്യാപനമോ അല്ലെന്നും തന്റെ കുടുംബാംഗങ്ങളുടെ രാജ്യത്തെ പരമോന്ന നേതാവിനോടുള്ള ആദരം മാത്രമാണ് അതിനു പിന്നിലുള്ളതെന്നും ഓസില്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

''എനിക്ക് രണ്ട് ഹൃദയമുണ്ട് ''. തുര്‍ക്കി - ജര്‍മന്‍ പാരമ്പര്യത്തോട് തനിക്ക് ഒരുപോലെ ആത്മാര്‍ഥതയുണ്ടെന്നു വ്യക്തമാക്കി ഓസില്‍ പറഞ്ഞതാണ് ഈ വാക്കുകള്‍. മറ്റു പലരെയും പോലെ ഒന്നിലേറെ രാജ്യത്ത് കുടുംബവേരുകളുള്ള ആളാണ് താനും. താന്‍ വളര്‍ന്നത് ജര്‍മനിയിലാണ്, എന്റെ കുടുംബത്തിന്റെ വേരുകളുള്ളത് തുര്‍ക്കിയിലും. എനിക്ക് രണ്ട് ഹൃദയമുണ്ട്, ഒന്ന് ജര്‍മനും മറ്റൊന്ന് തുര്‍ക്കിയും.

തുര്‍ക്കി പാരമ്പര്യമുള്ള മുപ്പതു ലക്ഷത്തോളം പേരാണ് ജര്‍മനിയിലുള്ളത്.

ഞാനൊരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനാണ്. അതിനപ്പുറം ഒന്നുമില്ല. എന്നാല്‍, ചിത്രമെടുത്തതിന്റെ പേരില്‍ ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഉള്‍പ്പെടെ ഒട്ടേറെ മേഖലയില്‍നിന്ന് എതിര്‍പ്പുണ്ടായി. ഇനിയും ജര്‍മനിയുടെ ജഴ്‌സി ധരിക്കുന്നത് അവര്‍ക്കിഷ്ടമല്ലെന്നു മനസ്സിലായി. 2009-ല്‍ രാജ്യാന്തര ഫുട്‌ബോളില്‍ അരങ്ങേറിയതു മുതല്‍ ഇതുവരെ നേടിയതെല്ലാം സകലരും മറന്നുപോയിരിക്കുന്നു.

വംശീയാധിക്ഷേപത്തില്‍ അഭിരമിക്കുന്നവരെ ഫിഫ പോലെ വിശാല കാഴ്ചപ്പാടുള്ള സംഘടനകളില്‍ ഉള്‍പ്പെടുത്തരുത്. വിവിധ വംശപാരമ്പര്യമുള്ളവരുടെ കളിയാണു ഫുട്‌ബോള്‍. ഈ സാഹചര്യത്തില്‍, ജര്‍മന്‍ ദേശീയ ടീമില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. ഹൃദയഭാരത്തോടെ തന്നെയാണ് ഈ തീരുമാനമെടുത്തത്, ഓസില്‍ കൂട്ടിച്ചേര്‍ത്തു.

തനിക്കൊപ്പം തന്റെ കുടുംബവും ഭീഷണി നേരിടുന്നു. കളിക്കളത്തിലെ തന്റെ പ്രകടനം മോശമായാല്‍ വിമര്‍ശിക്കുന്നത് മനസിലാക്കാം. എന്നാല്‍ വംശീയതയുടെ പേരില്‍ വിമര്‍ശിക്കുന്നതിനെ അങ്ങനെ കാണാന്‍ പറ്റില്ല. രാജ്യത്തെ ഒരു പത്രം ജര്‍മനിയെ തന്നെ തനിക്കെതിരാക്കാന്‍ ശ്രമിച്ചുവെന്നും ഓസില്‍ ചൂണ്ടിക്കാട്ടി.

Content Highlights: I'm German When I Win, Immigrant When I Lose Ozil

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram