കീവ്: യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ശനിയാഴ്ച നടക്കുന്നത് റയല്‍മാഡ്രിഡ്-ലിവര്‍പൂള്‍ പോരാട്ടത്തിനപ്പുറം രണ്ട് വ്യക്തികള്‍ തമ്മിലുള്ള പോരാട്ടം കൂടിയാണ്. റയല്‍ പ്രതിരോധ താരം മാഴ്‌സെലോയും ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായും തമ്മിലാണത്.
ലിവര്‍പൂള്‍ കോച്ച് യെര്‍ഗന്‍ ക്ലോപ്പ് മാഴ്‌സെലോക്കെതിരെ നടത്തിയ വ്യക്തിപരമായ പ്രസ്താവനയാണ് മത്സരം സലാ- മാഴ്‌സെലോ പോരാട്ടത്തിലേക്ക് വഴിതെളിയിച്ചത്. മാഴ്‌സെലോയ്ക്ക് ആക്രമിക്കാനറിയാമെങ്കിലും പ്രതിരോധിക്കാനറിയില്ലെന്നായിരുന്നു ക്ലോപ്പിന്റെ പ്രസ്താവന. മാഴ്‌സെലോ വലത് വിങ്ങില്‍ നിന്ന് മുന്നേറ്റ നിരക്കൊപ്പം ചേരുമ്പോള്‍ മുഹമ്മദ് സലായ്ക്ക് റാമോസിനെ നേരിട്ടാല്‍ മതിയെന്നുമാണ് ക്ലോപ്പ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.
ഇതില്‍ പ്രകോപിതാനായി മാഴ്‌സെലോയും രംഗത്തെത്തി. സലായെ എങ്ങനെ പ്രതിരോധിക്കാമെന്ന് കൃത്യമായി എനിക്കറിയാം. എന്റെ ടീമിന് വേണ്ട എന്ത് സഹായവും ഞാന്‍ ചെയ്യുമെന്നും മാഴ്‌സെലോ പറഞ്ഞു. ലിവര്‍പൂള്‍ ഉജ്വല ടീമാണ്. അവര്‍ക്കിത് മികച്ച സീസണുമാണ്. ടീമിനെ ഒന്നടങ്കം എങ്ങനെ നേരിടാമെന്നാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. അല്ലാതെ ഒന്നോ രണ്ടോ താരങ്ങളെ കുറിച്ചല്ല. എങ്ങനെ ജയിക്കാമെന്നതാണ് മുന്നിലുള്ള ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ചെയ്യുന്ന ജോലിയില്‍ ഞാനും സഹതാരങ്ങളും വളരെ സന്തോഷമുള്ളവരാണ്. എനിക്ക് ഒന്നും തെളിയിക്കേണ്ടതില്ല. മാഴ്‌സെലോ വ്യക്തമാക്കി. ആരെ കുറിച്ചും താന്‍ വ്യക്തിപരമായി സംസാരിക്കില്ലെന്നും മാഴ്‌സെലോ പറഞ്ഞു. മിന്നുന്ന ഫോമില്‍ കളിക്കുന്ന മുഹമ്മദ് സലായെ പിടിച്ചുകെട്ടാന്‍ റയല്‍ മാഴ്‌സെലോയുടെ നേതൃത്വത്തിലാണ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത്. ശനിയാഴ്ച രാത്രി 12.15-നാണ് മത്സരം.
Content Highlights: I know exactly how to handle Salah says Marcelo ahead of champions league final