ഗ്രാനഡ: ലാ ലിഗയില്‍ നിലവിലെ ജേതാക്കളായ ബാഴ്‌സലോണയ്ക്ക് വീണ്ടും തോല്‍വി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ഗ്രാനഡയാണ് സ്പാനിഷ് വമ്പന്മാരെ നാണം കെടുത്തിയത്. എവേ മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ തോല്‍വി.
ലീഗില്‍ തങ്ങളുടെ അഞ്ചു മത്സരങ്ങളില്‍ ബാഴ്‌സയുടെ രണ്ടാം തോല്‍വിയാണിത്. തുടര്‍ച്ചയായ എട്ടാം എവേ മത്സരത്തിലാണ് ബാഴ്‌സ വിജയമില്ലാതെ മടങ്ങുന്നത്.
ആദ്യ ഇലവനില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയില്ലാതെ ഇറങ്ങിയ ബാഴ്‌സയെ രണ്ടാം മിനിറ്റില്‍ തന്നെ ഗ്രാനഡ ഞെട്ടിച്ചു. ഡിഫന്‍ഡര്‍ ജൂനിയര്‍ ഫിര്‍പോയ് സംഭവിച്ച അബദ്ധം മുതലെടുത്ത് റാമോണ്‍ അസീസാണ് ഗ്രാനഡയെ മുന്നിലെത്തിച്ചത്.
മത്സരത്തില്‍ 74 ശതമാനം സമയവും പന്ത് കൈവശം വെച്ചത് ബാഴ്‌സയായിരുന്നു. എന്നാല്‍ ഒരേയൊരു ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് മാത്രമാണ് ബാഴ്‌സയില്‍ നിന്നുണ്ടായത്. മറുവശത്ത് ഗ്രാനഡ ലഭിച്ച അവസരങ്ങള്‍ മുതലെടുത്തു. രണ്ടാം പകുതിയില്‍ മെസ്സിയേയും അന്‍സു ഫാത്തിയേയും കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല.
66-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ആല്‍വരോ വഡില്ലോ ഗ്രാനഡയുടെ വിജയമുറപ്പിച്ചു. തോല്‍വിയോടെ അഞ്ചു മത്സരങ്ങളില്‍ നിന്ന് ഏഴു പോയന്റുള്ള ബാഴ്‌സ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇത്രയും മത്സരങ്ങളില്‍ നിന്ന് മൂന്നു ജയങ്ങളുമായി ഗ്രാനഡ ഒന്നാം സ്ഥാനത്താണ്.
Content Highlights: Granada stun Barcelona to go top