മിലാന്: സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡില്‍ നിന്ന് ഈ സീസണിലാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവെന്റസിലെത്തിയത്. എന്നാല്‍ റൊണാള്‍ഡോ എത്തിയതോടെ യുവെന്റസില്‍ സ്ഥാനം നഷ്ടമായ ഒരാളുണ്ട്. അവരുടെ അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയ്ന്‍.
ഇപ്പോഴിതാ റൊണാള്‍ഡോ ടീമിലെത്തിയത്തോടെ തന്നെ യുവെന്റസ് പുറത്താക്കുകയായിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഹിഗ്വെയ്ന്‍. റൊണാള്‍ഡോ യുവെന്റസിലെത്തി അധികം വൈകാതെ അവര്‍ ഹിഗ്വെയ്‌നെ എ.സി.മിലാന് ലോണ്‍ അടിസ്ഥാനത്തില്‍ കൈമാറിയിരുന്നു. ഇതേക്കുറിച്ചാണ് ഹിഗ്വെയ്ന്‍ ഇപ്പോള്‍ മനസ് തുറന്നിരിക്കുന്നു.
യുവെന്റസ് വിട്ടത് തന്റെ തീരുമാനമായിരുന്നില്ലെന്ന് ഒരു ഇറ്റാലിയന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഹിഗ്വെയ്ന്‍ തുറന്നുപറഞ്ഞത്.
യുവെന്റസ് വിടണമെന്ന് തനിക്ക് ആഗ്രഹമില്ലായിരുന്നു. ക്ലബ്ബിനായി താന്‍ എല്ലാം നല്‍കിയിരുന്നു. ഒട്ടേറെ കിരീടങ്ങളും നേടി. ആയിടക്കാണ് റൊണാള്‍ഡോ ക്ലബ്ബിലെത്തുന്നത്. അതോടെ ഇനി തനിക്ക് അവിടെ തുടരാന്‍ സാധിക്കില്ലെന്ന് ക്ലബ്ബ് അറിയിക്കുകയായിരുന്നു. അതിന് അവര്‍ ഒരു പരിഹാരവും കണ്ടെത്തി, അതാണ് എ.സി മിലാന്‍. ഹിഗ്വെയ്ന്‍ വ്യക്തമാക്കി.
മിലാനില്‍ താന്‍ സന്തുഷ്ടനാണെന്നും ആരാധകരും സഹതാരങ്ങളും നല്ല പിന്തുണ നല്‍കുന്നുണ്ടെന്നും ഹിഗ്വെയ്ന്‍ കൂട്ടിച്ചേര്‍ത്തു. 2016-ല്‍ നാപ്പോളിയില്‍ നിന്നാണ് ഹിഗ്വെയ്ന്‍ യുവെന്റസിലെത്തുന്നത്. രണ്ട് സീസണുകളില്‍ യുവെയ്ക്കായി കളത്തിലിറങ്ങിയ ഹിഗ്വെയ്ന്‍ അന്‍പതിലേറെ ഗോളുകളും നേടിയിട്ടുണ്ട്. ഇപ്പോള്‍ മിലാനിലെത്തിയ ശേഷം ഒന്‍പതു മത്സരങ്ങളില്‍ നിന്ന് നാലു ഗോളുകള്‍ നേടിയിട്ടുണ്ട്.
Content Highlights: gonzalo higuain says juventus made him leave