ചരിത്രത്തിന്റെ എല്ലാ മേഖലയിലും കൈയൊപ്പ് പതിപ്പിച്ചിട്ടുള്ള മഹാത്മാഗാന്ധിക്ക് കായികമേഖലയോടും ഹൃദയബന്ധമുണ്ട്. ദക്ഷിണാഫ്രിക്കയിലായിരുന്ന കാലത്ത് മൂന്ന് ഫുട്‌ബോള്‍ ക്ലബ്ബുകള്‍ സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിനും ഇന്ത്യക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഫുട്‌ബോള്‍ ക്ലബ്ബുകളെ ഉപയോഗപ്പെടുത്തുകയും ചെയ്തു.
1896-ല്‍ ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷകനായി ജോലിചെയ്യുന്ന കാലത്തായിരുന്നു ഗാന്ധിയുടെ ഫുട്ബോളിലേക്കുള്ള വരവ്. കരിമ്പുതോട്ടങ്ങളില്‍ ജോലിചെയ്യാനെത്തിയ ഇന്ത്യന്‍ വംശജര്‍ക്കായൊരു ഫുട്ബോള്‍ അസോസിയേഷന്‍ രൂപവത്കരിക്കുന്നതിന് നേതൃത്വം നല്‍കി. ഇന്ത്യന്‍ ട്രാന്‍സ്വെല്‍ ഫുട്ബോള്‍ അസോസിയേഷന്‍ എന്നായിരുന്നു സംഘടനയുടെ പേര്. ആഫ്രിക്കന്‍ വന്‍കരയുടെ ചരിത്രത്തിലെതന്നെ ആദ്യത്തെ ഫുട്ബോള്‍ ടീമായിരുന്നു ഇതെന്ന് പിന്നീട് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മിഷിഗണ്‍ സര്‍വകലാശാലയില്‍ ആഫ്രിക്കന്‍ ചരിത്രത്തില്‍ ഗവേഷണം നടത്തിയ പീറ്റര്‍ അലെഗിയുടെ അഭിപ്രായത്തില്‍, വെള്ളക്കാരാല്‍ നടത്തപ്പെടാത്ത ആദ്യ ഫുട്ബോള്‍ സംഘമാണ് ഇന്ത്യന്‍ ട്രാന്‍സ്വെല്‍ അസോസിയേഷന്‍. 2010-ല്‍ ദക്ഷിണാഫ്രിക്കയില്‍ ഫുട്ബോള്‍ ലോകകപ്പിന്റെ പ്രചാരണാര്‍ഥം ഫിഫ തയ്യാറാക്കിയ പ്രമോ വീഡിയോയിലും ഗാന്ധിയുടെ ഫുട്ബോളിലെ സംഭാവനകളെക്കുറിച്ച് പരാമര്‍ശമുണ്ട്.
എന്നാല്‍, ഇതു മാത്രമായിരുന്നില്ല ഫുട്‌ബോളിലെ സംഭാവന. ദക്ഷിണാഫ്രിക്കയില്‍ വ്യത്യസ്ത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ഗാന്ധി മൂന്നിടങ്ങളില്‍ ഫുട്ബോള്‍ ക്ലബ്ബുകളും തുടങ്ങി. അഹിംസയും, തുല്യതയും പ്രചരിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു ക്ലബ്ബുകള്‍. പ്രിട്ടോറിയ, ഡര്‍ബന്‍, ജൊഹാനാസ്ബെര്‍ഗ് എന്നിവടങ്ങളായിരുന്നു ആസ്ഥാനം. പാസിവ് റെസിസ്റ്റേഴ്സ് ക്ലബ്ബ് എന്നറിയപ്പെട്ട ക്ലബ്ബുകള്‍ ഏതെങ്കിലുമൊരു ലീഗിന്റെയോ ടൂര്‍ണമെന്റിന്റെയോ ഭാഗമായിരുന്നില്ല. മൂന്നു ടീമുകളും പരസ്പരം ആരോഗ്യകരമായ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും അതില്‍നിന്ന് കിട്ടുന്ന വരുമാനം പാവപ്പെട്ട ഇന്ത്യക്കാരുടെ ക്ഷേമത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്തുവന്നു. ഈ മൂന്ന് ക്ലബ്ബുകളും സാമ്പത്തിക പരാധീനകളില്‍പ്പെട്ട് പിന്നീട് പേരുകള്‍ മാറ്റി. എന്നാല്‍, ഡര്‍ബനിലെ ഫിനിക്‌സ് സെറ്റ്ല്‍മെന്റ് മൈതാനം ഇന്നും ഗാന്ധിയുടെ സ്മരണ നിലനിര്‍ത്തുന്നു.
Content Highlights: Gandhi's football experiments