കഴിഞ്ഞ ജൂലായിലാണ് കോപ്പ അമേരിക്ക ഫുട്ബോള്‍ സംഘാടകരായ തെക്കേ അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍, റഫറിമാര്‍ എന്നിവര്‍ക്കെതിരേ അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സി അഴിമതിയാരോപണവുമായി രംഗത്തുവന്നത്. ടീം പുറത്തായതിന് പിന്നാലെയായിരുന്നു ഇത്. വാക്കുകള്‍ പരിധിവിട്ടതോടെ മൂന്ന് മാസത്തെ വിലക്കും ലഭിച്ചു.
സെപ്റ്റംബര്‍ ആകുമ്പോഴേക്കും അഴിമതിയാരോപണം കറങ്ങിത്തിരിഞ്ഞ് മെസ്സിക്കും ഫിഫയ്ക്കുമെതിരെയായി. ഫിഫയുടെ മികച്ചതാരമായി മെസ്സിയെ തിരഞ്ഞെടുത്തത്തില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. ഇതോടെ സമീപകാലത്ത് ഫുട്ബോളില്‍ ഉയര്‍ന്ന രണ്ട് അഴിമതി വിവാദങ്ങളിലും നായക-പ്രതിനായക സ്ഥാനത്ത് അര്‍ജന്റീന-ബാഴ്സലോണ നായകനായ മെസ്സിയുണ്ട്.
വിവാദം - കോപ്പ അമേരിക്ക
കോപ്പ അമേരിക്ക ഫുട്ബോളില്‍ സെമിഫൈനലില്‍ ബ്രസീലിനോടേറ്റ തോല്‍വിയും ലൂസേഴ്സ് ഫൈനലില്‍ ചിലിക്കെതിരായ മത്സരത്തിലെ ചുവപ്പുകാര്‍ഡുമാണ് മെസ്സിയെ പ്രകോപിപ്പിച്ചത്. ബ്രസീലിനെ ജയിപ്പിക്കുന്നതിനുവേണ്ടിയുള്ള കളികളാണ് നടക്കുന്നതെന്ന് തുറന്നടിച്ച മെസ്സി റഫറിമാര്‍ പക്ഷപാതിത്വപരമായാണ് പെരുമാറിയതെന്നും ആരോപിച്ചു. അര്‍ജന്റീനയ്ക്ക് ലഭിക്കേണ്ട രണ്ട് പെനാല്‍ട്ടികള്‍ അനുവദിക്കാതിരുന്നതും ചിലിക്കെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് നല്‍കിയതും റഫറിമാരുടെ അഴിമതിയുടെ ഉദാഹരണമായി മെസ്സി ചൂണ്ടിക്കാട്ടി.
തെക്കേ അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറഷേന്‍ വിഷയത്തില്‍ മെസ്സിക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചു. മൂന്ന് മാസം വിലക്കും പിഴയുമാണ് വിധിച്ചത്. ഇതോടെ ഒക്ടോബര്‍ വരെയുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതായി.
വിവാദം - ഫിഫയുടെ മികച്ച താരം
മെസ്സി ആറാം തവണ ഫിഫയുടെ മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നില്‍ അഴിമതിയുണ്ടെന്ന ആരോപണങ്ങളാണ് കഴിഞ്ഞ ദിവസമുണ്ടായത്.ആരോപണം മെസ്സിക്ക് നേരെയല്ല. എന്നാല്‍ പുരസ്‌ക്കാരനിര്‍ണയത്തിനെതിരെയായതോടെ മെസ്സിയും ഭാഗമായി. ഈജിപ്ത് ഫുട്ബോള്‍ ഫെഡറേഷന്‍, സുഡാന്‍ ടീം പരിശീലകന്‍, നിക്കരാഗ്വ ക്യാപ്റ്റന്‍ എന്നിവരാണ് വോട്ടിങ്ങിലെ തിരിമറി ചൂണ്ടിക്കാട്ടി രംഗത്തുവന്നത്.
തങ്ങളുടെ ക്യാപ്റ്റന്റെയും പരിശീലകന്റെയും വോട്ടുകള്‍ ഫിഫ കണക്കിലെടുക്കാത്തതിന്റെ കാരണം അറിയണമെന്നാണ് ഈജിപ്ത് ഫുട്ബോള്‍ അസോസിയേഷന്‍ ഫിഫയോട് ആവശ്യപ്പെട്ടത്. ഇരുവരും ആദ്യ വോട്ട് അവരുടെ താരമായ മുഹമ്മദ് സലയ്ക്കാണ് നല്‍കിയത്.
ഈജിപ്ഷ്യന്‍ ബാലറ്റിലെ ഒപ്പുകള്‍ വലിയഅക്ഷരത്തിലായതും വോട്ടിങ് പേപ്പറുകളില്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുടെ ഒപ്പില്ലാത്തതുമാണ് വോട്ട് അസാധുവാകാന്‍ കാരണമെന്നാണ് ഫിഫയുടെ വാദം.
നിക്കരാഗ്വ ഫുട്ബോള്‍ ടീം നായകന്‍ യുവാരന്‍ ബരേര താന്‍ ഇത്തവണ വോട്ട് ചെയ്തിട്ടില്ലെന്നും എന്നാല്‍ തന്റെ പേരില്‍ മെസ്സിക്ക് വോട്ട ചെയ്തതായി വന്ന കാര്യം വെളിപ്പെടുത്തുകയും ചെയ്തു.നിക്കരാഗ്വ ഫെഡറേഷന്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തുവന്നിട്ടുണ്ട്. പുതുതായി നിയമിച്ച ക്യാപ്റ്റന്‍ മാനുവല്‍ റോസസാണ് വോട്ട് ചെയ്തതെന്നും ബരേരയുടെ പേരും ഒപ്പുമുള്ള കഴിഞ്ഞ വര്‍ഷത്തെ ബാലറ്റ് തെറ്റായി ഉപയോഗിച്ചതാണെന്നുമാണ് വിശദീകരണം. സാങ്കേതിക പിഴവില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
സഡാന്‍ പരിശീലകന്‍ ദ്രാവ്കോ ലുഗാരിസിച്ചും ആരോപണവുമായി രംഗത്തുവന്നു. തന്റെ ആദ്യ വോട്ട് മുഹമ്മദ് സലയ്ക്കാണ് നല്‍കിയതെന്നും എന്നാല്‍ ഫിഫ പട്ടികയില്‍ മെസ്സിക്കായാണ് രേഖപ്പെടുത്തിയതെന്നുമാണ് ആരോപണം.
തിരഞ്ഞെടുപ്പ് രീതി
ദേശീയ ടീമുകളുടെ ക്യാപ്റ്റന്‍, പരിശീലകന്‍, അംഗരാജ്യങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് മികച്ചതാരത്തെ തിരഞ്ഞെടുക്കുന്നത്. ഇത്തവണ 46 വോട്ടുകള്‍ നേടിയാണ് മെസ്സി മികച്ച താരമായത്. ഹോളണ്ടിന്റെ വിര്‍ജില്‍ വാന്‍ ഡെയ്ക്കിന് 38 വോട്ടും പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 36 വോട്ടും ലഭിച്ചു.
Content Highlights: Foul Play over Lionel Messi's Win at Best Player Awards