കളിക്കളത്തിലെ കരുത്തും സമര്‍പ്പണവുമായിരുന്ന യായാ ടുറേയുടെ ബോക്‌സ് റ്റു ബോക്‌സ് നീക്കങ്ങള്‍ ഇനി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കാണാനാവില്ല. മുപ്പത്തിയഞ്ചുകാരനായ ഐവറി കോസ്റ്റ് താരം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 18 വര്‍ഷം നീണ്ടുനിന്ന കരിയറില്‍ 17 ട്രോഫികളുമായാണ് യായ മടങ്ങുന്നത്. ഇനി പരിശീലകന്റെ റോളിലാകും താരം പ്രത്യക്ഷപ്പെടുക.
ബെല്‍ജിയം ക്ലബ്ബ് ബെവെറെനിലൂടെയാണ് ആഫ്രിക്കന്‍ താരം തന്റെ യൂറോപ്യന്‍ കരിയര്‍ തുടങ്ങുന്നത്. പിന്നീട് ഡോണെസ്‌കിലും ഒളിമ്പ്യാക്കോസിലും മൊണാക്കോയിലും കളിച്ചു. 2007-ലാണ് സ്പാനിഷ് കരുത്തരായ ബാഴ്‌സലോണ ജേഴ്‌സി യായ ടുറേ അണിയുന്നത്. നൗകാമ്പിലെ കരുത്തനായ മധ്യനിരക്കാരനായി പേരെടുക്കാന്‍ ടുറേയ്ക്ക് അധികനാളുകള്‍ വേണ്ടിവന്നില്ല, രണ്ടു തവണ ലാ ലിഗ കിരീടവും ഒരു തവണ ചാമ്പ്യന്‍സ് ലീഗും ടുറെ നേടി.
ബാഴ്‌സലോണയിലെ മൂന്നു വര്‍ഷത്തെ കളിമികവിന് ശേഷം ടുറേ നേര പോയത് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാണ്. അവിടേയും തൊട്ടതെല്ലാം പൊന്നാക്കി. എട്ടു വര്‍ഷം കളിച്ച് സിറ്റിയോടൊപ്പം മൂന്നു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടങ്ങളില്‍ പങ്കാളിയായി. ഓള്‍റൗണ്ട് മികവും മധ്യനിരയില്‍ നിന്ന് ഗോളടിക്കാനുള്ള കഴിവും തുടര്‍ച്ചയായി നാല് തവണ യായ ടുറേയെ മികച്ച ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരമാക്കി. 2015-ല്‍ ഐവറികോസ്റ്റിനൊപ്പം ആഫ്രിക്കന്‍ കപ്പും നേടി.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ടുറേ അവസാനം കളിച്ചത്. ഗ്രീക്ക് ക്ലബ്ബ് ഒളിമ്പ്യാക്കോസിന് വേണ്ടിയായിരുന്നു അത്. ബ്രൈറ്റനെ 3-1ന് തോല്‍പ്പിച്ച മത്സരത്തിലാണ് അവാസനം സിറ്റി ജേഴ്‌സിയില്‍ ടുറേ കളിച്ചത്. കഴിഞ്ഞ വര്‍ഷം മെയിലായിരുന്നു ആ മത്സരം.
പ്രീമിയര്‍ ലീഗിലെ മികച്ച പെനാല്‍റ്റി റെക്കോഡോടു കൂടിയാണ് ടുറേ കളി മതിയാക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിക്കായി 14 പെനാല്‍റ്റിയാണ് ടുറേ ഇതുവരെ എടുത്തത്. ആ 14 എണ്ണവും ലക്ഷ്യത്തിലെത്തി. ഇതില്‍ 11 പെനാല്‍റ്റിയും പ്രീമിയര്‍ ലീഗ് മത്സരങ്ങളിലായിരുന്നു. സിറ്റിക്കായി 316 മത്സരങ്ങളില്‍ 79 ഗോളുകളും അടിച്ചുകൂട്ടി.
Content Highlights: Former Manchester City, Barcelona Star Yaya Toure Retires