ബാഴ്‌സലോണ: ലയണല്‍ മെസ്സിയുടെ ഇരട്ട ഗോള്‍ മികവില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ബാഴ്‌സലോണ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ കടന്നിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ തന്റെ ടീം അംഗങ്ങള്‍ക്ക് മെസ്സി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. യുണൈറ്റഡിനെതിരായ മത്സരത്തിലെ പതിഞ്ഞ തുടക്കമാണ് മെസ്സിയെ ചൊടിപ്പിച്ചത്.
''ഞങ്ങളാരാണെന്ന് ഞങ്ങള്‍ കാണിച്ചുകൊടുത്തു. മികച്ച കളിയാണ് ഞങ്ങള്‍ പുറത്തെടുത്തത്. എന്നാല്‍ ആദ്യ അഞ്ചു മിനിറ്റുകളില്‍ ഒരുതരം പരിഭ്രമമായിരുന്നു ഞങ്ങള്‍ക്ക്. പിന്നീട് ആദ്യ ഗോള്‍ നേടിയ ശേഷം മാത്രമാണ് ഞങ്ങള്‍ക്ക് മത്സരത്തിന്റെ നിയന്ത്രണം സ്വന്തമാക്കാനായത്. ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഇനി ഇത്തരത്തിലൊരു പതിഞ്ഞ തുടക്കം ഞങ്ങള്‍ക്ക് സഹിക്കാനാകില്ല. കാരണം കഴിഞ്ഞ സീസണില്‍ റോമില്‍ സംഭവിച്ചതിന്റെ അനുഭവം ഞങ്ങള്‍ക്കുണ്ട്. അഞ്ചു മിനിറ്റിലെ മോശം കളിമതി നിങ്ങള്‍ പുറത്താകാന്‍'' - മെസ്സി വ്യക്തമാക്കി.
ബാഴ്‌സയുടെ മൈതാനമായ നൗക്യാമ്പില്‍ നടന്ന രണ്ടാംപാദ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് സ്പാനിഷ് വമ്പന്മാര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ഇരുപാദങ്ങളിലുമായി 4-0 ന്റെ വിജയവുമായാണ് ബാഴ്‌സയുടെ സെമി പ്രവേശനം. മെസ്സി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഫിലിപ്പെ കുടീഞ്ഞ്യോയാണ് ശേഷിച്ച ഒരു ഗോള്‍ നേടിയത്. 2015-നു ശേഷം ഇതാദ്യമായാണ് ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ കടക്കുന്നത്.
Content Highlights: five bad minutes can knock you out messi warns teammates after slow start